തിരുവനന്തപുരം: ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രളയം കേരളത്തെ തകർത്തെറിഞ്ഞപ്പോൾ കേരളത്തിനായി കെെകോർത്ത ഒരു മാദ്ധ്യമപ്രവർത്തകയെ ആണ് അയ്യപ്പഭക്തരുടെ പേര് പറഞ്ഞ് ഒരുകൂട്ടം അക്രമകാരികൾ നിലയ്‌ക്കലിൽ ഇന്ന് ആക്രമിച്ചത്. പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കേരളത്തിന് സഹായം സമാഹരിക്കുന്നതിന് ആറ് മണിക്കൂർ നീണ്ട് നിന്ന ലെലിത്തോൺ എന്ന ലെെവ് ഷോയിലൂടെ 10 കോടിയിൽ അധികം രൂപയാണ് ദേശീയ വാർത്താ ചാനലായ എൻ.ഡി.ടി.വി സമാഹരിച്ചത്. ഈ പരിപാടിക്ക് മുന്നിട്ട് നിന്ന മാദ്ധ്യമ പ്രവർത്തക സ്നേഹ മേരി കോശിയാണ് ഇന്ന് നിലയ്ക്കലിൽ വച്ച് ആക്രമണത്തിന് ഇരയായത്.
രാവിലെ മുതൽ നിലയ്ക്കലിൽ പ്രതിഷേധക്കാർ മാദ്ധ്യമപ്രവർത്തകരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മാദ്ധ്യമപ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെ ആക്രമണവുമുണ്ടായി. അതേസമയം, മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകുമെന്നും ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇവരെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.