സൗഹൃദ മത്സരത്തിൽ ബ്രസീൽ 1-0ത്തിന് അർജന്റീനയെ തോൽപ്പിച്ചു
ഇൻജുറി ടൈമിൽ ബ്രസീലിന്റെ വിജയഗോൾ നേടിയത് മിരാൻഡ
റിയാദ്: ഫുട്ബാൾ ലോകത്തെ ലാറ്റിനമേരിക്കൻ ചക്രവർത്തിമാരുടെ സ്വപ്ന പോരാട്ടത്തിന്റെ ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിൽ മിരാൻഡയുടെ തലയിൽ നിന്ന് പിറന്ന മാന്ത്രികഗോളിന് ബ്രസീൽ അർജന്റീനയെ കീഴടക്കി. സൗദി അറേബ്യയിൽ കിംഗ് അബ്ദുള്ള സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെയ്മർ എടുത്ത കോർണർ കിക്കിൽ തലവച്ചാണ് മിറാൻഡ മത്സരത്തിന്റെ തലവിധി മാറ്റിക്കുറിച്ചത്.
നെയ്മർ, ഫിലിപ്പെ കുടീഞ്ഞോ, റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജീസസ് തുടങ്ങി വമ്പൻ താരനിരയുമായി ഇറങ്ങിയ ബ്രസീലിനെതിരെ യുവതാരങ്ങളെ കളത്തിലിറക്കിയ അർജന്റീന 93 മിനിട്ടു നേരം ഗോൾവഴങ്ങാതെ പിടിച്ചു നിന്നു കരുത്തുകാട്ടി.
ലയണൽ മെസി, സെർജിയോ അഗ്യൂറോ, ഗോൺസാലോ ഹിഗ്വെയ്ൻ തുടങ്ങിയ പ്രമുഖരുടെ അഭാവത്തിലും പോരാട്ടവീര്യം അവർ മറന്നില്ല. മത്സരത്തിൽ 63 ശതമാനം സമയത്തും പന്തു കൈവശം വച്ചെങ്കിലും അർജന്റീന യുവനിരയ്ക്കു മുന്നിൽ ഗോൾ നേടാൻ കഴിയാതെ ബ്രസീൽ വിയർക്കുന്ന കാഴ്ചയാണ് കണ്ടത്.
ആക്രമണത്തിൽ ബ്രസീലിനായിരുന്നു ആദ്യപകുതിയിൽ മുൻതൂക്കം. നെയ്മറും ഫിർമിനോയും ജീസസും ചേർന്ന് നിരവധി തവണ ഗോൾമുഖത്തേക്ക് റെയ്ഡ് നടത്തിയെങ്കിലും പിഴവില്ലാത്ത പ്രതിരോധവുമായി അർജന്റീന കോട്ടകാത്തു.
ആദ്യപകുതിയിൽ മഞ്ഞപ്പട ഗോളിനടുത്തെത്തിയതാണ്. 28-ാം മിനിറ്റിൽ കാസിമിറോ ഉയർത്തി നൽകിയ പന്തിൽ മിറാൻഡ ഉതിർത്ത ഷോട്ട് അർജന്റീന ഗോൾകീപ്പർ സെർജിയോ റൊമേറോയെ മറികടന്നെങ്കിലും ഗോൾലൈൻ സേവിലൂടെ നിക്കോളാസ് ഒട്ടാമെൻഡി രക്ഷകനായി.
തൊട്ടുപിന്നാലെ അർജന്റീനയ്ക്കും അവസരം ലഭിച്ചു. ബ്രസീൽ ഗോൾമുഖത്തിനു തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്ക് പക്ഷേ പൗളോ ഡിബാല ക്രോസ് ബാറിനു മീതേ പായിച്ചു.
ഇടവേളയ്ക്ക് 0-0 എന്ന നിലയിൽ പിരിഞ്ഞ ശേഷം രണ്ടാം പകുതിയിൽ അർജന്റീനയുടെ ആക്രമണങ്ങളാണ് കണ്ടത്. മൗറോ ഇക്കാർഡിയും എയ്ഞ്ചൽ കൊറിയയുമായിരുന്നു ചുക്കാൻ പിടിച്ചത്. എന്നാൽ ഗോൾ മാത്രം അകന്നു നിന്നു.
ഒടുവിൽ തോൽവിയോളം പോന്നൊരു സമനില മുന്നിൽക്കണ്ട നിമിഷത്തിൽ ബ്രസീലിന് വിജയഗോൾ പിറന്നു. അവസാന സെക്കൻഡിൽ ലഭിച്ച കോർണർ നെയ്മർ ബോക്സിലേക്ക് ഉയർത്തിവിട്ടു.
പന്ത് താഴ്ന്നിറങ്ങുമ്പോൾ കൃത്യമായി അവിടെ മിറാൻഡ എത്തിയിരുന്നു. റൊമേറോയ്ക്ക് ഒരവസരവും നല്കാതെ ബുള്ളറ്റ് ഹെഡറിലൂടെ ബ്രസീൽ ജയം ഉറപ്പിച്ചു. സ്കോർ 1-0. വിരസമായി അവസാനിക്കുമായിരുന്ന മത്സരം ബ്രസീലിനു സ്വന്തം.
തോറ്റെങ്കിലും തലയുയർത്തി തന്നെ അർജന്റീനയ്ക്കും മടങ്ങാം. ഭാവിയിൽ ശക്തമായ ഒരു ടീമിനെ അണിയിച്ചൊരുക്കാൻ തക്ക പ്രതിഭാസമ്പത്ത് യുവനിരയ്ക്ക് ഉണ്ടെന്ന ആശ്വാസമാണ് അർജന്റീന ആരാധകർക്കുണ്ടായത്.