തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് നിലയ്‌ക്കലിൽ നടന്ന പ്രതിഷേധക്കാരുടെ ആക്രമണത്തിൽ ശബരിമല സന്ദർശിക്കാനെത്തിയ അയ്യപ്പ ഭക്തന്മാർക്കും പരിക്കേറ്റു. നിരപരാധികളായ തങ്ങളെ അക്രമികൾ മർദ്ദിച്ചതായി ഇവർ പരാതിപ്പെട്ടു. ദർശനം കഴിഞ്ഞിറങ്ങിയ ഭക്തരാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്.
അതേസമയം, ശബരിമലയിൽ സംഘർഷമുണ്ടാക്കിയത് തങ്ങളുടെ പ്രവർത്തകരല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അറിയിച്ചു. അക്രമം നടത്തിയത് സമരത്തിനിടയിലേക്ക് നുഴഞ്ഞുകയറിയവരാണെന്നും അദ്ദേഹം അറിയിച്ചു. സമാധാനപരമായി സമരം ചെയ്‌തവർക്കിടയിലേക്ക് പൊലീസുകാർ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു.
അതിനിടെ സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകുമെന്നും ആക്രമിച്ചവരെ തിരിച്ചറിഞ്ഞെന്നും ഉടൻ കസ്‌റ്റഡിയിലെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് സംരക്ഷണം നൽകുക. ബുധനാഴ്‌ച രാവിലെ മുതൽ നിലയ്ക്കലിൽ പ്രതിഷേധക്കാർ മാദ്ധ്യമപ്രവർത്തകരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ വനിതാ മാദ്ധ്യമപ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് ഡി.എസ്.എൻ.ജി വാഹനവും റിപ്പോർട്ടർ ടി.വിയുടെ കാമറയും പ്രതിഷേധക്കാർ അടിച്ചു തകർത്തു. ആജ് തക് ചാനലിലെ വനിത റിപ്പോർട്ടർക്ക് പ്രതിഷേധക്കാരുടെ കല്ലേറിൽ പരിക്കേറ്റു. റിപ്പബ്ലിക്ക് ടിവിയിലെപൂജ പ്രസന്നക്ക് നരേ ആക്രമണമുണ്ടായി. ന്യൂസ് മിനിറ്റ് റിപ്പോർട്ടർ സരിത ബാലനെ ബസിൽ നിന്നിറക്കിവിടുകയും ചെയ്തിരുന്നു. എൻ.ഡി.ടി.വിയുടെ സ്‌നേഹ കോശിക്ക് നേരെയും കയ്യേറ്റം ഉണ്ടായി.