1. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളെ തുടർന്ന് നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. നിരോധനാജ്ഞ പ്രഖ്യാപിച്ചത്, സന്നിധാനം, നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിൽ. നിരോധനാജ്ഞയിൽ നിന്ന് തീർത്ഥാടകരെ ഒഴിവാക്കി. തീർത്ഥാടനം സുഗമമായി നടക്കുന്നതിന് ആണ് മുൻഗണന എന്ന് ജില്ലാ കള്കടർ പി.ബി നൂഹ്. 30 കിലോമീറ്റർ പ്രദേശത്ത് പ്രതിഷേധം അനുവദിക്കില്ല. ശബരില റിപ്പോർട്ടിംഗിന് എത്തുന്ന മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണം ഒരുക്കും എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര
2. മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചവരെ തിരച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റ് ചെയ്യും എന്നും ഡി.ജി.പി. മാദ്ധ്യമങ്ങൾക്ക് എതിരായ ആക്രണം അപലപനീയം എന്ന് മന്ത്രി ഇ.പി ജയരാജൻ. നിയമം കൈയിൽ എടുക്കാൻ ആരെയും അനുവദിക്കില്ല. സർക്കാർ എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിക്കും. അക്രമ സ്വാഭാവമുള്ള ആർ.എസ്.എസ് പ്രവർത്തകരാണ് നിലയ്ക്കലിലെ അക്രമത്തിന് പിന്നിലെന്നും പ്രതികരണം. സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകമാണ്. വിശ്വാസി സമൂഹത്തെ തടഞ്ഞ് വച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ആണ് സംഘപരിവാറിന്റെ ശ്രമം എന്നും മന്ത്രി
3. ശബരിമലയിൽ നടക്കുന്നത് രാഷ്ട്രീയ സമരം എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീ പ്രവേശനത്തെ നേരത്തെ അനുകൂലിച്ചവരാണ് ഇപ്പോൾ ആക്രമത്തിന് പിന്തുണ നൽകുന്നത്. അക്രമത്തിന് എതിരെ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും പ്രതികരണം. ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രിമക്കുന്നത്. പുണ്യഭൂമിയിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കാൻ ബി.ജെ.പി തയ്യാറാകണം. ശബരിമലയിൽ എത്തുന്ന ഭക്തരെ തടയാൻ സമ്മതിക്കില്ലെന്നും മന്ത്രി. അതേസമയം ശബരിമല കർമ്മ സമിതി നാളെ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താലിന് ബി.ജെ.പി പിന്തുണ. ഹർത്താൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ.
4. ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനുള്ള നീക്കത്തിന് എതിരെ നടപടി ശക്തമാക്കി പൊലീസ്. നിലയ്ക്കലിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി. പൊലീസ് നടപടി തുടങ്ങിയത് മാദ്ധ്യമ പ്രവർത്തകർക്കും വിശ്വാസികൾക്കും നേരെ പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടതോടെ. മാദ്ധ്യമ വാഹനങ്ങളും കാമറകളും അക്രമികൾ അടിച്ചു തകർത്തു. മാദ്ധ്യമ പ്രവർത്തകർക്കു നേരെയും വ്യാപക അക്രമം.
5. റിപ്പബ്ലിക് ചാനൽ ലേഖിക പൂജ പ്രസന്ന, എൻ.ഡി.ടി.വിയിലെ സ്‌നേഹ കോശി, ന്യൂസ് മിനിട്ട് റിപ്പോർട്ടർ സരിത ബാലൻ എന്നിവർക്ക് അക്രമത്തിൽ പരിക്കേറ്റു. അതിനിടെ, തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. സന്നിധാനത്ത് വൻ ഭക്ത ജനത്തിരക്ക്. ആചാര അനുഷ്ഠാനങ്ങൾ ലംഘിക്കുന്നതിൽ ദുഖമുണ്ടെന്ന് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടർന്നുവന്നവരെ പുതിയ സാഹചര്യം വിഡ്ഢികൾ ആക്കുന്നു എന്നും അനീഷ് നമ്പൂതിരി.
6. മീടു ആരോപണത്തിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ രാജിവച്ചു. വിദേശ മാദ്ധ്യമപ്രവർത്തകർ അടക്കം പന്ത്രണ്ട് പേരാണ് എം.ജെ അക്ബറിന് എതിരെ മീ ടൂ ക്യാമ്പയിനിലൂടെ രംഗത്ത് എത്തിയത്. കേന്ദ്ര മന്ത്രിയുടെ രാജി അക്ബറിന് എതിരെ സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമ വനിതാ കൂട്ടായ്മ രാഷട്രപതി രാം നാഥ് കോവിന്ദിന് കത്ത് നൽകിയതിന് പിന്നാലെ.
7. മീ ടു ക്യാമ്പയിനിലൂടെ ഉന്നയിക്കപ്പെട്ട ലൈംഗിക ആരോപണങ്ങൾ നേരത്തെ അക്ബർ തള്ളിയിരുന്നു. ഒക്ടോബർ എട്ടിന് പ്രമുഖ മാദ്ധ്യമപ്രവർത്തക പ്രിയാ രമണിയാണ് അക്ബറിന് എതിരായ ആരോപണത്തിന് തുടക്കം കുറിച്ചത്. നീചമായ ആരോപണങ്ങൾ തന്റെ സൽപ്പേരിന് തീരാക്കളങ്കം ഉണ്ടാക്കി എന്ന് ആരോപിച്ച് പ്രിയാ രമണിക്ക് എതിരെ അക്ബർ മാനനഷ്ടക്കേസ് നൽകിയിരുന്നു. ആരോപണത്തിൽ വസ്തുത ഉണ്ടെങ്കിൽ രാജിവച്ചാൽ മതി എന്ന വിലയിരുത്തലിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ്.
8. സിനിമാ ലൊക്കേഷനുകളിൽ പരാതി പരിഹാര സെൽ രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഡബ്ലിയു.സി.സി നൽകിയ ഹർജിയിൽ സർക്കാരിനും അമ്മയ്ക്കും നോട്ടീസ്. ഹർജി നൽകിയത്, വനിതാ കൂട്ടായ്മ ഭാരവാഹികളായ പത്മപ്രിയ, റിമ കല്ലിങ്കൽ എന്നിവർ. ആരോഗ്യമന്ത്രി കെ.കെ ഷൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ചർച്ചയായിരുന്നു. ഡബ്ല്യു.സി.സി ഭാരവാഹികളായ ബീന പോൾ, വിധു വിൻസന്റ് എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
9. എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി നിർദ്ദേശിച്ചിരുന്നു. അതേസമയം, സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന് എതിരെ പൊലീസിൽ പരാതി. നടിയും ഡബ്ല്യു.സി.സി അംഗവുമായ അർച്ചന പദ്മിനിയുടെ പരാതി ലഭിച്ചിട്ടും നിയമനടപടി സ്വീകരിച്ചില്ലെന്ന് പരാതി. കേസിനെ നിയമപരമായി നേരിടുമെന്ന് ബി. ഉണ്ണികൃഷ്ണൻ.