sabarimala-women-entry

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ വിവിധ സംഘടനകൾ നിലയ്‌ക്കലിൽ നടക്കുന്ന പ്രതിഷേധത്തിനിടയിൽ യുവതികൾ മലചവിട്ടിയതായി സോഷ്യൽ മീഡിയ. വിവിധ ചാനലുകളിൽ വന്ന വീഡിയോ ക്ലിപ്പുകൾ ചൂണ്ടിക്കാട്ടിയാണ് ഇത് സംബന്ധിച്ച പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇരുമുടിയേന്തി കറുത്ത വസ്ത്രങ്ങൾ ധരിച്ച യുവതി പതിനെട്ടാം പടി കയറുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഈ സ്ത്രീയുടെ പ്രായം സംബന്ധിച്ച കാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. സന്നിധാനത്ത് സ്ത്രീകൾ എത്തിയെന്ന തരത്തിൽ അധികൃതരും വിശദീകരണങ്ങളൊന്നും തന്നെ നൽകിയിട്ടില്ല.

അതേസമയം, ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീയുടെ പ്രായം കണക്കാക്കാൻ ആകില്ലെന്ന വാദവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ സുപ്രീം കോടതിയുടെ ചരിത്ര വിധി നടപ്പിലായെന്ന് വാദിക്കുന്നവരാണ് മറുവിഭാഗം. അതിനിടെ ബുധനാഴ്‌ച ശബരിമലയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുക്കാനായി തലേന്ന്തന്നെ ആരോഗ്യ വകുപ്പിലെ മൂന്ന് വനിതാ ഉദ്യോഗസ്ഥർ സന്നിധാനത്തെത്തിയതായി ചില ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇക്കാര്യവും ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലയ്‌ക്കലിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ കണ്ണുവെട്ടിച്ച് യുവതികളാരും ശബരിമലയിൽ എത്തിയിട്ടില്ലെന്നാണ് സമരക്കാർ പറയുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ പൊലീസ് ഏറ്റെടുത്തതിനാൽ വരും ദിവസങ്ങളിൽ യുവതികൾ ശബരമലയിൽ എത്താനുള്ള സാധ്യത അധികൃതരും സമരക്കാരും തള്ളിക്കളയുന്നുമില്ല.