sabarimala-women-entry

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ പരിപാടിയിൽ പങ്കെടുത്തതിന് കെ.പി.സി.സി നിർവാഹക സമിതി അംഗം ജി.രാമൻനായരെ കോൺഗ്രസ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. പത്തംതിട്ടയിൽ ബി.ജെ.പി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്‌ത് ജി.രാമൻനായർ സംസാരിച്ചത് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. തുടർന്നാണ് എ.ഐ.സി.സി രാമൻനായർക്കെതിരെ അച്ചടക്ക നടപടിയെടുത്തത്.

ബി.ജെ.പി പരിപാടിയിൽ കോൺഗ്രസ് പങ്കെടുത്തത് വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തിൽ നിരവധി പരാതികൾ ലഭിക്കുകയും ചെയ്‌തു. ശബരിമല വിഷയത്തിൽ ആർ.എസ്.എസിനൊപ്പമാണ് കോൺഗ്രസെന്ന സി.പി.എം ആരോപണത്തെ ശരിവയ്‌ക്കുന്ന നിലപാടാണ് രാമൻനായർ സ്വീകരിച്ചതെന്നും വിമർശനം ഉയർന്നു. ശബരിമല വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്താമെങ്കിലും മറ്റൊരു പാർട്ടിയുടെ കുടക്കീഴിൽ പ്രതിഷേധിച്ചത് ശരിയായ നടപടിയായില്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം.