saritha-balan

തിരുവനന്തപുരം: പൊലീസ് ഇല്ലായിരുന്നുവെങ്കിൽ പ്രതിഷേധക്കാർ തന്നെ കൊന്ന് കളയുമായിരുന്നെന്ന് നിലയ്ക്കലിൽ ആക്രമിക്കപ്പെട്ട മാദ്ധ്യമപ്രവർത്തക സരിതാ ബാലൻ. കൊല്ലാൻ ഇറങ്ങിത്തിരിച്ചവരാണോ നാമജപ പ്രതിഷേധം എന്ന് പറഞ്ഞ് വരുന്നതെന്നും ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

''പ്രതിഷേധം എന്ന പേരിൽ ആക്രമിക്കുന്ന ഇവരാരും വിശ്വാസികളല്ല. മതതീവ്രവാദികളാണ്. അല്ലാതെ ആർക്കും ഇങ്ങനെ തെറി വിളിക്കാനും ഉപദ്രവിക്കാനും ആവില്ല. അവർ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ തന്നെ ഞാൻ ബസിൽ നിന്ന് ഇറങ്ങിയതാണ്. എന്നിട്ടും അവർ പിറകെ വന്ന് ഉപദ്രവിക്കേണ്ട കാര്യമെന്തായിരുന്നു.

കാണുമ്പോൾ തന്നെ മീഡിയ പേഴ്സൺ ആണെന്ന് കരുതട്ടെ എന്ന് വിചാരിച്ച് ഞാൻ ജീൻസും കുർത്തയുമാണ് ധരിച്ചിരുന്നത്. കാരണം ഭക്തയാണെന്ന രീതിയിൽ അങ്ങോട്ട് പോകണം എന്ന് എനിക്കില്ലായിരുന്നു. എെ‌‌ഡി കാർഡ് പോലും കാണിക്കാൻ അവർ അനുവദിച്ചില്ല. ഇങ്ങനെ ആക്രമണം ഉണ്ടാവുമെങ്കിൽ മാദ്ധ്യമപ്രവർത്തകർ പ്രതിഷേധം റിപ്പോർട്ട് ചെയ്യേണ്ടെന്ന് നേരത്തെ തന്നെ അറിയിക്കണമായിരുന്നു. അവർ ബാൻ ചെയ്ത സ്ഥലത്തല്ലല്ലോ ഞങ്ങൾ പോയത്''- സരിതാ ബാലൻ ചോദിച്ചു.