ramesh-chennithala

തിരുവനന്തപുരം: ശബരിമല വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്തു വഷളാക്കിയതിന്റെ ഉത്തരവാദിത്വം കേരളാ സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.സമാധാനപരമായ നിലയിൽ ഈ വിഷയം പരിഹരിക്കാൻ സർക്കാരിന് കഴിയാതെ പോയത് വലിയ വീഴ്ചയാണ്. കോൺഗ്രസ് ഒരു തരത്തിലുള്ള അക്രമ സമരത്തിനും ഒരിക്കലും ഉണ്ടാകില്ല. സംഘപരിവാർ ശക്തികളാണ് ശബരിമലയിൽ സംഘർഷം ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഇക്കാര്യം തിരിച്ചറിഞ്ഞ് മുൻകരുതൽ എടുക്കാനോ തടയാനോ പൊലീസിന് കഴിഞ്ഞില്ല. പൊലീസിന് രണ്ടു തരം ഭാവമാണ് ഉണ്ടായിരുന്നത്.ഉച്ചവരെ പോലീസ് നിഷ്‌ക്രിയം ആയിരുന്നെങ്കിൽ ഉച്ചകഴിഞ്ഞു അതിക്രമം ആണ് അഴിച്ചുവിട്ടത്. പക്വതയോടെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ ദുരന്തം ആണിപ്പോൾ അനുഭവിക്കുന്നത്.


കോൺഗ്രസ് വിശ്വാസി സമൂഹത്തോടൊപ്പം നിൽക്കും. വിശ്വാസികളോടൊപ്പം ഏതറ്റം വരെയും ഞങ്ങൾ മുന്നോട്ട് പോകും. സർക്കാരും ദേവസ്വം ബോർഡും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ പ്രവർത്തിക്കുന്നതാണ് ശബരിമലയിലെ പ്രധാന പ്രശ്നം. ആ പ്രശ്നത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയാണ് അപകടമുണ്ടാക്കിയത്. സർക്കാരിന്റെ വീഴ്ച മുതലെടുത്ത് അക്രമവും അഴിഞ്ഞാട്ടവും സംഘപരിവാർ നടത്തുകയാണ്. കേരളത്തിൽ അറിയപ്പെടുന്ന ,സ്ത്രീകൾ ഉൾപ്പെടെയുള്ള മാദ്ധ്യമ പ്രവർത്തകരെ ഇവർ മർദ്ദിച്ചു. സ്വതന്ത്രമായ മാദ്ധ്യമ പ്രവർത്തനം തടസപ്പെടുത്തുകയും മാദ്ധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു.