അബുദാബി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലേയും പമ്പയിലേയും അതിക്രമങ്ങളെ കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്ന ആർ.എസ്.എസും ബി.ജെ.പിയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെ നാടിന്റെ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമം ആണ് ചിവ ശക്തികൾ നടത്തുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
''ഭക്തജനങ്ങളെ തടഞ്ഞും ഭക്തജനങ്ങളെ ആക്രമിക്കുന്നത് തടയുന്ന പൊലീസുകാരെ ആക്രമിച്ചും നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള അക്രമങ്ങൾ പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല. പത്തോ ഇരുപതോ ആളുകൾ വാർത്ത ചാനലിന് മുന്നിൽ വന്ന് പറയുന്ന കാര്യങ്ങൾ അല്ല സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ ആണ് പൊതുസമൂഹം അംഗീകരിക്കുക"- പിണറായി വ്യക്തമാക്കി.