തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നിലയ്‌ക്കലിൽ നടത്തിയ സമര പരിപാടിക്കിടെയുണ്ടായ സംഘർഷങ്ങളെ തള്ളിപ്പറഞ്ഞ് പന്തളം രാജകുടുംബം. പുണ്യഭൂമിയായ സന്നിധാനത്തെ സമരവേദിയാക്കരുതെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ ആവശ്യപ്പെട്ടു. ഭക്തിയുടെ പേരിലെ അക്രമം അനുവദിക്കാനാവില്ല. വിശ്വാസത്തിന്റെ പേരിൽ നടത്തിയതൊന്നും നല്ലതല്ല. അതേസമയം, ഭക്തരെ പൊലീസ് നേരിട്ട രീതിയും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു തരതത്തിലും ഒരു തുള്ളി രക്തം പോലും വീഴ്‌ത്താൻ പാടില്ലാത്ത പുണ്യഭൂമിയായ കണക്കാക്കുന്ന സ്ഥലമാണ് ശബരിമല. ശബരിമലയിലെ വിശ്വാസത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, നിലയ്‌ക്കലിൽ നടന്ന സംഘർഷങ്ങൾക്കിടെ കെ.എസ്.ആർ.ടി.സിയുടെ 13 ബസുകൾ അക്രമികൾ തകർത്തു. പമ്പയിൽ നിന്നും നിലയ്‌ക്കലിലേക്ക് സർവീസ് നടത്തിവന്ന എട്ട് ബസുകളും ഇതിൽ പെടുന്നു. തുടർന്ന് ബുധനാഴ്‌ച രാത്രിയോടെ പമ്പ - നിലയ്‌ക്കൽ സർവീസ് താത്‌കാലികമായി നിറുത്തിവച്ചു. ഇതോടെ തീർത്ഥാടകർക്ക് നടന്ന് പോകേണ്ട അവസ്ഥയുണ്ടായി. എന്നാൽ പിന്നീട് സർവീസുകൾ പുനസ്ഥാപിച്ചു.