sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹർത്താൽ തുടരുന്നു. ഹർത്താലിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴിച്ചു നിറുത്തിയാൽ കാര്യമായ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹർത്താലിന് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പുലർച്ചെ കോഴിക്കോട് കെ.എസ്.ആർ.ടി.സിയുടെ രണ്ട് സ്കാനിയ ബസുകൾക്ക് നേര കല്ലേറുണ്ടായി. ബസുകളുടെ ചില്ലുകൾ തകർന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞത്. ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തിവച്ചു. മറ്റിടങ്ങളിലൊന്നും തന്നെ ഇതുവരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും യഥേഷ്ടം നിരത്തിലിറങ്ങി. ഒരിടത്തും വാഹനങ്ങൾ തടയുന്ന സ്ഥിതിവിശേഷവും ഇല്ല.

പമ്പയിലും നിലയ്ക്കലിലും കനത്ത സുരക്ഷയാണ് ഏർപ്പെടുതത്തിയിരിക്കുന്നത്. ശബരിമലയിലും ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിനിടെ 13 കെ.എസ്.ആർ.ടി.സി ബസുകൾ അക്രമികൾ കല്ലെറിഞ്ഞു തകർത്തു. പമ്പ - നിലയ്ക്കൽ ചെയിൻ സർവീസ് രാത്രിയോടെ നിലച്ചു. ഇന്ന് രാവിലെ പൊലീസ് സുരക്ഷയിൽ ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്. ശബരിമലയിൽ നാളെ രാത്രി 12 മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.