melsanthi

സന്നിധാനം: ശബരിമല മേൽശാന്തിയായി വി.എൻ.വാസുദേവൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ചെങ്ങന്നൂർ സ്വദേശി എം.എൻ.നാരായണൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് സ്വദേശിയായ വാസുദേവൻ നമ്പൂതിരി നിലവിൽ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയാണ്.

ഇന്ന് രാവിലെ എട്ട് മണിയോടെ സന്നിധാനത്ത് വച്ച് പന്തളം കൊട്ടാരത്തിലെ ഋഷികേശ് എസ്.വർമയും ദുർ‌ഗാ രാംദാസ് രാജയുമാണ് മേൽശാന്തിമാരെ നറുക്കെടുത്തത്. വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷം വരെയാണ് മേൽശാന്തിമാരുടെ കാലാവധി. പുതിയ മേൽശാന്തിമാർ തുലാം മുപ്പതിന് ഇരുമുടി കെട്ടുമായി മല ചവിട്ടി സന്നിധാനത്ത് എത്തും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവർ മേൽശാന്തിമാരെ അഭിഷേകം നടത്തി അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലിലേക്ക് ആനയിക്കും. തുടർന്ന് പുതിയ മേൽശാന്തിമാർക്ക് തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവിലിനുള്ളിൽ വച്ച് മൂലമന്ത്രവും ചൊല്ലിക്കൊടുക്കും.