നിലയ്ക്കൽ: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ അഞ്ച് പേരാണ് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം നടത്തിയത്. അയ്യപ്പ ഭക്തരുടെ വേഷത്തിലായതിനാൽ പ്രവർത്തകരെ തിരിച്ചറിയാൻ പൊലീസിനായില്ല. റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് പൊലീസ് ഇക്കാര്യം ശ്രദ്ധിച്ചത്.
41 പ്രവർത്തകർ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞ് അൽപസമയത്തിന് ശേഷമായിരുന്നു പ്രകടനം.
പമ്പയിലും സന്നിധാനത്തുമൊക്കെ തങ്ങളുടെ പ്രവർത്തകർ ഉണ്ടെന്നും ഇന്നും നാളെയും നിരോധനാജ്ഞ ലംഘിക്കുമെന്നും പ്രവർത്തകർ പറഞ്ഞു. ശരണം വിളിച്ചു കൊണ്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പൊലീസെത്തിയതോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധക്കാർ എണ്ണത്തിൽ കുറവായതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.