1

1. ശബരിമലയിൽ നിരോധനാജ്ഞ തുടരുമ്പോഴും സംഘർഷങ്ങൾക്ക് അയവില്ല. മലകയറാൻ എത്തിയ വനിതാ മാദ്ധ്യമ പ്രവർത്തക സുഹാസിനി രാജിനെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും മടക്കി അയച്ചു. സുരക്ഷാ സേനയ്ക്ക് ഒപ്പം സന്നിധാനത്തേയ്ക്ക് പുറപ്പെട്ട റിപ്പോർട്ടറെ തടഞ്ഞത് മരക്കൂട്ടത്തിനടത്തുവച്ച്. പ്രശ്നമുണ്ടാക്കാൻ താൽപ്പര്യമില്ലാത്തതിനാൽ മടങ്ങിപ്പോകുന്നു എന്ന് സുഹാസിനി രാജ്. വനിതാ മാദ്ധ്യമ പ്രവർത്തകയുടെ മൊഴിയിൽ കണ്ടാലറിയുന്നവർക്ക് എതിരെ കേസെടുത്ത് പൊലീസ്

2. ശബരിമലയിൽ എത്തുന്ന മുഴുവൻ പേർക്കും സുരക്ഷ ഒരുക്കുമെന്ന് ഐ.ജി. മനോജ് എബ്രഹാം. പമ്പ മുതൽ സന്നിധാനം വരെയുള്ള സുരക്ഷാ മേൽനോട്ടത്തിന് ഐ.ജി. എസ്. ശ്രീജിത്തിനെ ചുമതലപ്പെടുത്തി ഡി.ജി.പി ലോക്നാഥ് ബെഹ്ര. മതസ്പർദ്ധ വളർത്തുന്നവർക്കും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പൊലീസിന് എതിരെ വ്യാജ പ്രചരണം നയിക്കുന്നവർക്കും എതിരെ കേസെടുക്കാനും നിർദ്ദേശം

3. സ്ത്രീ പ്രവേശനത്തിന്റ പേരിൽ അക്രമം പാടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയുടെ പേര് മോശമാക്കാനുള്ള ശ്രമത്തിൽ നിന്ന് പ്രതിഷേധക്കാർ പിന്മാറണം. സ്ത്രീകൾ കയറിയാൽ നട അടച്ചിടുമെന്ന് പറഞ്ഞിട്ടില്ലെന്നും തന്ത്രി. സംഘർഷ സാധ്യത കണക്കിലെടുത്ത് നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം മേഖലകളിൽ നിരോധനാജ്ഞ നാളെ രാത്രി 12 മണി വരെ തുടരും

4. അതിനിടെ ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കെ.എസ്.ആർ,ടി.സി ബസിനു നേരെ കല്ലേറ്. സംസ്ഥാനത്ത് 43 കെ.എസ്.ആർ.ടി.സി ബസുകൾ അക്രമത്തിൽ തകർന്നു എന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ

5. ശബരിമല വിഷയത്തിൽ നിലപാട് മാറ്റി ആർ.എസ്.എസ്. സുപ്രീംകോടതിയുടേത് ആചാരങ്ങൾ പരിഗണിക്കാതെയുള്ള വിധി എന്ന് മോഹൻ ഭഗവത്. കോടതി വിധി സമൂഹത്തിൽ അശാന്തിയും അതൃപ്തിയുമുണ്ടാക്കി. മത നേതാക്കളേയും പുരോഹിതരേയും വിശ്വാസത്തിലെടുത്തില്ല. സ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ വികാരം പരിഗണിച്ചില്ലെന്നും വിമർശനം

6. അതേസമയം, രാജ്യം ഭരിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണ്. നാടിന്റെ ക്രമസമാധാനം തകർക്കാൻ ചില ശക്തികൾ ബോധപൂർവ്വം ശ്രമിക്കുന്നു എന്നും പിണറായി വിജയൻ

7. അയ്യപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്ക് സംരക്ഷണവും സുരക്ഷിതത്വവും നൽകും. പത്തോ ഇരുപതോ പേർ വാർത്താ കാമറയ്ക്ക് മുന്നിൽ വന്നുപറയുന്ന കാര്യങ്ങൾ അല്ല, യഥാർത്ഥ നിലപാടുകളാണ് പൊതു സമൂഹം അംഗീകരിക്കുക എന്നും മുഖ്യമന്ത്രി. ശബരിമലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, വിധി നടപ്പാക്കാൻ ദേവസ്വം ബോർഡ് സാവകാശം തേടിയേയ്ക്കുമെന്നും സൂചന

8. സംഘടനാ പ്രശ്നങ്ങളിൽ തിരക്കിട്ട സമവായ ശ്രമങ്ങളുമായി അമ്മ. അടിയന്തര ജനറൽ ബോഡി വിളിക്കണമെന്ന ഭൂരിപക്ഷ നിലപാടിൽ നാളെ കൊച്ചിയിൽ യോഗം ചേരും. ഡബ്ല്യു. സി.സി ഉന്നയിച്ച ആക്ഷേപങ്ങളും വിഷയത്തിലെ സിദ്ദിഖിന്റേയും ജഗദീഷിന്റേയും വ്യത്യസ്ത നിലപാടും സംഘടനയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് വിലയിരുത്തൽ. ആദ്യം ചേരുന്ന യോഗത്തിൽ ധാരണയുണ്ടായാൽ പ്രത്യേക പൊതുയോഗം വിളിക്കാനും സാധ്യത

9. അമ്മയിൽ പരാതി പരിഹാര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി നൽകിയ പരാതിയിൽ സംഘടനയ്ക്കും സർക്കാരിനും ഹൈക്കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു. കോടതിയിൽ നിന്ന് പ്രത്യേക നിർദ്ദേശമുണ്ടാകുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് മോഹൻലാൽ ഉൾപ്പടെയുള്ള സംഘടനാ നേതൃത്വം

10. നവകേരള നിർമ്മാണത്തിനുള്ള മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ തുടർ നടപടികളിൽ തീരുമാനം പിന്നീട്. മുഖ്യമന്ത്രി വിദേശ യാത്ര പൂർത്തിയാക്കി മടങ്ങി എത്തിയതിന് ശേഷം മന്ത്രിമാരുടെ യാത്രയിൽ തുടർ നടപടികൾ സ്വീകരിക്കും. കേന്ദ്രത്തിൽ വീണ്ടും സമ്മർദ്ദം ചെലുത്തി അനുമതി വാങ്ങാനുള്ള ശ്രമവും പരിഗണനയിൽ.

11. കേന്ദ്ര സർക്കാരിന്റെ എതിർപ്പ് മൂലം കേരളത്തിന് നഷ്ടമായത് വലിയ സഹായം എന്ന് മുഖ്യന്ത്രി പിണറായി വിജയൻ. പ്രവാസികളും സാലറി ചലഞ്ചിന്റെ ഭാഗമാകാൻ ശ്രമിക്കണം. ഒരാഴ്ചത്തെ ശമ്പളം നൽകാൻ പ്രവാസികൾ തയ്യാറാകണം എന്നും മുഖ്യമന്ത്രി. പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിന് വേണ്ടി യു.എ.ഇയിൽ എത്തിയ മുഖ്യമന്ത്രി 21ന് മടങ്ങി എത്തും

12. മീ ടു കാമ്പെയ്നിൽ മാദ്ധ്യമ പ്രവർത്തക പ്രിയാ രമണിക്ക് എതിരെ എം.ജെ അക്ബർ നൽകിയ മാനനഷ്ട കേസ് പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രിയ രമണി ഉന്നയിച്ച നീചമായ ആരോപണങ്ങൾ തന്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കി എന്ന് എം.ജെ. അക്ബർ. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിന് പിന്നിൽ ഗൂഢ അജണ്ടയെന്നും വിശദീകരണം

13. വിദേശ മാദ്ധ്യമപ്രവർത്തക അടക്കം 15 പേരുടെ ആരോപണത്തെ തുടർന്ന് എം.ജെ അക്ബർ കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചത് ഇന്നലെ. ലൈംഗികാതിക്രമം വെളിപ്പെടുത്തിയ പ്രിയാ രമണിക്ക് 20 വനിതാ മാദ്ധ്യമ പ്രവർത്തകർ പിന്തുണ അറിയിച്ചിരുന്നു. പീഡന പരാതിയിൽ നരേന്ദ്രമോദി സർക്കാരിൽ നിന്ന് മന്ത്രി രാജിവയ്ക്കുന്നത് ഇതാദ്യം