bhagawat

നാഗ്പൂർ: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് രംഗത്ത്. ശബരിമലയുടെ ദീർഘകാല പാരമ്പര്യം കണക്കിലെടുക്കാതെയാണ് സ്ത്രീ പ്രവേശന കാര്യത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതെന്ന് മോഹൻ ഭഗവത് കുറ്റപ്പെടുത്തി. കോടിക്കണക്കിന് വരുന്ന ഭക്തരുടെ വിശ്വാസത്തേയും കോടതി മാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ ദശമിയോടനുബന്ധിച്ച് നാഗ്പൂരിൽ സ്വയംസേവകർക്ക് നൽകിയ സന്ദേശത്തിനിടെയാണ് ഭഗവതിന്റെ പ്രസ്താവന.

സുപ്രീം കോടതിയുടെ വിധി നടപ്പാക്കാനുള്ള സർക്കാർ ശ്രമം സമൂഹത്തിൽ അശാന്തിയും,അസ്വസ്ഥയും ഉണ്ടാക്കി. സമത്വം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ സമൂഹത്തിൽ അശാന്തി ഉണ്ടാകുന്നത് ശ്രദ്ധിക്കാതെ പോകുത്. ശബരിമലയിലെ ആചാര അനുഷ്ഠാനകൾക്ക് വളരെ നാളുകളായി പിന്തുടരുന്ന ചരിത്രം ഉണ്ട്. അത് കണക്കിലെടുത്തില്ല. ഹിന്ദു സമൂഹത്തിലെ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരുടെ ഇച്ഛ എന്താണെന്ന് പോലും അറിയാതെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത് - മോഹൻ ഭഗവത് പറഞ്ഞു.

വർഷങ്ങളായി ശബരിമലയിൽ തുടർന്ന് വരുന്ന ആചാര അനുഷ്ഠാനങ്ങൾ പാലിക്കാനും അനുവർത്തിക്കാനും തയ്യാറാണെന്ന് സ്ത്രീകൾ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ആചാരങ്ങൾ കാലത്തിനു അനുസരിച്ചു പരിഷ്‌കരിക്കണം എന്നാൽ അതിനു മുൻപ് ഒരു സമവായ ചർച്ച നടത്താമായിരുന്നു. നിർഭാഗ്യവശാൽ അതിന് സർക്കാർ തയ്യാറായില്ല. വിശ്വാസി സമൂഹത്തിന്റെയും ആഗ്രഹങ്ങൾക്ക് അനുസരിച്ചും അവരോട് ചർച്ച ചെയ്തും വേണം ആചാരങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ശ്രമിക്കേണ്ടതെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.