പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ ദിവസം ഭക്തർക്കു നേരെ പൊലീസ് നടത്തിയ അതിക്രമത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. നാമജപപന്തൽ പൊളിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. തന്ത്രി കുടുംബത്തിലെ പ്രായമായവരെ പോലും അറസ്റ്റ് ചെയ്തു. അവർ എന്ത് തെറ്റാണ് ചെയ്തത്. പൊലീസിന്റെ അതിക്രമത്തിനെതിരെ നിലയ്ക്കലിൽ ബി.ജെ.പി നീതി നിഷേധ സമരം തുടങ്ങും. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികളായിരിക്കും നടത്തുകയെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
അക്രമം ഉണ്ടാക്കി, ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിഷേധം ശബരിമലയെ കലാപഭൂമി ആക്കാനുള്ള ശ്രമമാണ്. ശബരിമലയിൽ 144 പ്രഖ്യാപിക്കേണ്ട സാഹചര്യം എന്തായിരുന്നു. പൊലീസ് മന:പൂർവം പ്രശ്നങ്ങളുണ്ടാക്കുകയാണ്. സമരം ശക്തമായി കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ തീരുമാനം. ശബരിമല കലാപ ഭൂമിയാക്കാൻ ബി.ജെ.പിക്ക് ആഗ്രഹമില്ല. അത്തരമൊരു നടപടിയും ബി.ജെ.പി ശബരിമലയിൽ സ്വീകരിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.