hadiya-shefin

ന്യൂഡൽഹി: ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള കേരളത്തിലെ ലൗജിഹാദ് കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)​ തീരുമാനിച്ചു. ഹാദിയയെ നിർബന്ധിച്ച് മതപരിവർത്തനത്തിന് വിധേയയാക്കിയതിന് തെളിവില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി എൻ.ഐ.എ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകും.

2017 ആഗസ്റ്റിലാണ് കേസ് സുപ്രീം കോടതി എൻ.ഐ.എയ്ക്ക് വിട്ടത്. സുപ്രീം കോടതി മുൻ ജഡ്ജി ആർ.വി. രവീന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നുവന്നത്. കേസ് ആദ്യം ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചു വന്നത്.

ഹാദിയ കേസ് അന്വേഷിക്കാൻ കേരളത്തിലെ 89 മിശ്രവിവാഹങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 11 കേസുകളാണ് എൻ.ഐ.എ പരിശോധിച്ചത്. ചില പ്രത്യേക ഗ്രൂപ്പുകൾ വഴിയാണ് മതപരിവർത്തനം നടത്തുന്നതെന്ന് കണ്ടെത്തിയെങ്കിലും ഇത് നിർബന്ധിതമാണെന്നതിന് തെളിവ് കണ്ടെത്താൻ എൻ.ഐ.എയ്ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാൻ എൻ.ഐ.എ തീരുമാനിച്ചത്.

കൊല്ലം സ്വദേശി ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നില്ല. ഹാദിയയെ അച്ഛൻ അശോകന്റെയോ ഭർത്താവ് ഷെഫിൻ ജഹാന്റെയോ ഒപ്പം വിടാൻ തയ്യാറാകാതിരുന്ന സുപ്രീം കോടതി സേലത്തെ കോളേജിൽ പഠനത്തിനായി ഹാദിയയെ അയച്ചിരുന്നു. മുസ്ളിം സമുദായത്തിലേക്ക് മതം മാറിയ അഖിലയും (ഹാദിയ) ഷെഫീനും തമ്മിലുള്ള വിവാഹം 2017 മേയ് 24നാണ് ഹൈക്കോടതി റദ്ദാക്കിയത്.