kadakampalli-surendran

തിരുവനന്തപുരം: ശബരിമലയിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഒരാളുടെ ശബ്ദരേഖ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തുവിട്ടു. തീർത്ഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാൻ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശമാണ് കടകംപള്ളി വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്.

അഖിലേന്ത്യാ ഹിന്ദുപരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളിന്റേതാണ് ഈ ശബ്ദമെന്ന് മന്ത്രി പറഞ്ഞു. 144 പ്രഖ്യാപിച്ചിരിക്കുന്ന ശബരിമലയിൽ ഇരുമുടിക്കെട്ടുമായി എത്തണമെന്നും അവിടെ വച്ച് ഒരു മൊബൈൽ നന്പറിൽ വിളിച്ചാൽ ആവശ്യമായ സഹായങ്ങൾ എല്ലാം നൽകുമെന്നും എത്രയും പെട്ടെന്ന് എത്താൻ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലെത്തണമെന്നുമാണ് സന്ദേശത്തിൽ പറ‍യുന്നതെന്നും മന്ത്രി വിശദീകരിച്ചു.

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ പാർട്ടിപ്രവർത്തകരോട് ആഹ്വാനം ചെയ്ത ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള കലാപത്തിനാണോ ശ്രമിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതാണോ സർക്കാർ ചെയ്ത തെറ്റ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആർ.എസ്.എസാണ്. എന്നാൽ അവർഅത് മറച്ചുവയ്ക്കുകയാണ്. നിലയ്ക്കലിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടാക്കിയതും മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചതും ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ അല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അത്തരം അക്രമകാരികളെ ഉദ്ദേശിച്ചാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. എന്നാലത് ഭക്തരെ ഉദ്ദേശിച്ചല്ലെന്നും മന്ത്രി വിശദീകരിച്ചു.

ആചാരത്തെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് സംസ്ഥാനസർക്കാരിന് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. വിധിയോട് വിയോജിപ്പുണ്ടെങ്കിൽ അത് മറികടക്കാൻ കേന്ദ്രം ഓർഡിനൻസ് പുറപ്പെടുവിക്കണം. കേന്ദ്രസർക്കാരും പാർലമെന്റും ബിജെപിയുടെ കൈയിലല്ലേ. കലാപം ആഹ്വാനം ചെയ്യുന്നതിലും നല്ലതല്ലേ പ്രധാനമന്ത്രിയോട് സംസാരിച്ച് ഒറ്റവരി ഓർഡിനൻസ് ഇറക്കുന്നത്. സംസ്ഥാന സർക്കാർ ശ്രമിച്ചാൽ ഓർഡിനൻസ് ഇറക്കാനാകില്ലെന്ന് ബി.ജെ.പിക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു.