suhasini

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം രണ്ടാം ദിവസത്തിലേക്ക് കടക്കവെ വ്യാജ ഭക്തന്മാരുടെ ആക്രമണത്തിന് ഇരയായ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ സുഹാസിനി രാജ് ചില്ലറക്കാരിയല്ല. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ എം.പിമാർ കൈക്കൂലി ആവശ്യപ്പെട്ടത് പുറത്ത് കൊണ്ടുവന്ന അന്വേഷണാത്മക മാദ്ധ്യമ പ്രവർത്തകരിൽ ഒരാളാണ് ലക്‌നൗ സ്വദേശിനിയായ സുഹാസിനി.

2005 ഏപ്രിൽ മുതൽ നവംബർ വരെ കോബ്രാ പോസ്റ്റും ആജ് തക്ക് ടെലിവിഷൻ ചാനലും സംയുക്തമായ നടത്തിയ ഓപ്പറേഷൻ ദുര്യോധന എന്ന സ്റ്റിംഗ് ഓപ്പറേഷനിലൂടെയായിരുന്നു എം.പിമാരുടെ തനിനിറം അവർ പുറത്ത് കൊണ്ടുവന്നത്. ഉത്തരേന്ത്യയിലെ ചെറുകിട ഉൽപാദക അസോസിയേഷൻ എന്ന നിലവിലില്ലാത്ത സംഘടനയുടെ ആൾക്കാരെന്ന വ്യാജേന എത്തിയ കോബ്ര പ്രതിനിധികളായ അനുരാധ ബഹൽ,​ സുഹാസിനി രാജ് എന്നിവരിൽ നിന്നാണ് എം.പിമാർ പണം കൈപ്പറ്റിയത്. സംഘടനയുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള ചോദ്യങ്ങൾ പാർലമെന്റിന്റെ ഇരുസഭയിലും ഉന്നയിക്കണമെന്ന ആവശ്യം ഇവർ അംഗീകരിക്കുകയും അതു പ്രകാരം എട്ടു മാസത്തിനിടെ കോബ്ര പ്രതിനിധികൾ കൊടുത്ത അറുപതിലേറെ ചോദ്യങ്ങളിൽ 25 എണ്ണം പാർലമെന്റിൽ ചോദിക്കുകയും ചെയ്തു. ഇത് കൂടാതെ നിഷ്ക്രീയ ആസ്തി സംബന്ധിച്ച ചോദ്യങ്ങളും 2004ലെ ഓഹരി വിപണിയിലെ കൂട്ടത്തകർച്ച സംബന്ധിച്ച സെബിയുടെഅന്വേഷണം സംബന്ധിച്ച ചോദ്യങ്ങളും നൽകിയിരുന്നു.

15,​000 രൂപ മുതൽ 1.10 ലക്ഷം വരെയായിരുന്നു എം.പിമാർ കോഴയായി വാങ്ങിയത്. എം.പിമാരിൽ ചിലർ അഞ്ച് മുതൽ ആറ് ലക്ഷം വരെ വാർഷിക ഫീസും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ 56 വീഡിയോകളും 70 ശബ്ദരേഖകളും 900 ഫോൺകോളുകളും കോബ്ര പോസ്റ്റ് തെളിവായി ഹാജരാക്കി.ബി.ജെ.പിയുടെ അണ്ണാ സാഹെബ് എം.കെ. പാട്ടീൽ (45,000 രൂപ), വൈ.ജി. മഹാജൻ (35,000), സുരേഷ് ചന്ദാൽ (30,000), പ്രദീപ് ഗാന്ധി (55,000), ചന്ദ്രപ്രതാപ് സിംഗ് (35,000), രാജ്യസഭാംഗം ഛത്രപാൽ സിങ് ലോധ (15,000), ബി.എസ്‌.പിയുടെ നരേന്ദ്ര കുമാർ കുശ്‌വാഹ (55,000), ലാൽ ചന്ദ്ര കോൽ (35,000), രാജാറാം പാൽ (35,000), കോൺഗ്രസിന്റെ രാം സേവക് സിംഗ് (50,000), ആർ.ജെ.ഡിയുടെ മനോജ് കുമാർ (1,10,000)​ എന്നിവരായിരുന്നു പ്രതികൾ.രവീന്ദർകുമാർ, വിജയ് ഭഗത് എന്നിവർ മരിച്ചതിനെ തുടർന്ന് ഭഗത്തിനെ കേസിൽ നിന്ന് ഒഴിവാക്കി. പവൻകുമാർ ബൻസലിന്റെ നേതൃത്വത്തിലുള്ള സമിതി ലോക്‌സഭയിലും ഡോ. കരൺസിംഗ് അദ്ധ്യക്ഷനായുള്ള സമിതി രാജ്യസഭയിലും അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് എം.പിമാരെ പുറത്താക്കി.അനുരാധയേയും സുഹാസിനിയേയും അഴിമതി വിരുദ്ധ നിയമപ്രകാരം പ്രതികളാക്കിയിരുന്നെങ്കിലും ഡൽഹി ഹൈക്കോടതി പിന്നീട് അത് റദ്ദാക്കുകയായിരുന്നു.