പമ്പ: യുവതികളെ ശബരിമലയിൽ കടത്തിവിടാൻ സുപ്രീം കോടതിക്ക് എന്ത് അധികാരമാണുള്ളതെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് ചോദിച്ചു. ഭരണഘടന അനുസരിച്ച് വിശ്വസിക്കാനുള്ള അവകാശം മനുഷ്യനുണ്ട്. അത് ചോദ്യം ചെയ്യാൻ സുപ്രീം കോടതിക്കെന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ദേശീയ ചാനലായ റിപ്പബ്ലിക്ക് ടി.വിയുടെ റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിനായിരുന്നു പി.സി ജോർജിന്റെ മറുപടി.
പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ വേണ്ടെന്നാണ് അയ്യപ്പൻ പറയുന്നത്. പിന്നെന്തിനാണ് ഇവര്‍ അങ്ങോട്ട് ചെല്ലുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ നാസ്തികനാണ്, അയാൾക്ക് വിശ്വാസപരമായി കാര്യങ്ങളിൽ താൽപര്യമില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി. വിശ്വാസമാണ് പ്രധാനമെന്നും അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടറുടെ ഇംഗ്ലീഷിലുള്ള ചോദ്യത്തിന് ആദ്യം ഇംഗ്ലീഷിൽ മറുപടി പറഞ്ഞെങ്കിലും പിന്നീട് മലയാളത്തിൽ സംസാരിക്കാമെന്ന് പറയുകയായിരുന്നു.
സ്ത്രീകൾ ശബരിമലയിൽ പോകുന്നത് വിശ്വാസങ്ങൾക്ക് എതിരാണ്. അയ്യപ്പൻ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്. മാതൃ-പുത്രി ബന്ധം മാത്രമാണ് അയ്യപ്പന് സ്ത്രീകൾകളോടുള്ളത്. പത്ത് വയസിനും അമ്പത് വയസിനും ഇടയിലുള്ള സ്ത്രീകളെ വേണ്ടെന്നാണ് അയ്യപ്പൻ പറയുന്നത്. പിന്നെന്തിനാണ് ഇവർ അങ്ങോട്ട് പോകുന്നതെന്നും പി.സി.ജോർജ് ചോദിച്ചു.