ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ എൻ.ഡി.തിവാരി അന്തരിച്ചു. ഇന്ന് 93 വയസ് അദ്ദേഹത്തിന് പൂർത്തിയായിരുന്നു.
മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സെപ്തംബർ 20നാണ് തിവാരിയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയായ തിവാരി ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്നു. രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ഒരേ ഒരു ഇന്ത്യക്കാരനും തിവാരിയാണ്. ആന്ധ്രാപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു.1994ൽ കോൺഗ്രസ് വിട്ട ശേഷം അർജുൻ സിംഗിനൊപ്പം കോൺഗ്രസ് (തിവാരി) എന്ന പാർട്ടി രൂപീകരിച്ചു. എന്നാൽ, പിന്നീട് സോണിയാ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷയായപ്പോൾ തിരികെ പാർട്ടിയിലെത്തി. മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന തിവാരി ഉത്തർപ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോൾ അവിടെയും മുഖ്യമന്ത്രിയായി. 1976- 77, 1984- 85, 1988- 89 വർഷങ്ങളിലാണ് തിവാരി യു.പിയിൽ മുഖ്യമന്ത്രിയായിരുന്നത്. പിന്നീട് 2002 മുതൽ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി. 2009 ൽ 86ആം വയസിൽ ആന്ധ്രാപ്രദേശ് ഗവർണറായിരിക്കെ ലൈംഗികാരോപണത്തെ തുടർന്ന് സ്ഥാനം രാജിവച്ചു.