parvathy

പേരിനൊപ്പം വനിതാ സംഘടനയായ ഡബ്ല്യു.സി.സി വന്ന നിമിഷം മുതൽ ഞങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് നടി പാർവതി. ഞങ്ങളോട് സംസാരിക്കുന്നതിന് പോലും മറ്റുള്ളവർക്ക് വിലക്ക് കൽപ്പിച്ചിരിക്കുകയാണെന്നും പാർവ്വതി കൂട്ടിച്ചേർത്തു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവ്വതി ഇക്കാര്യം സൂചിപ്പിച്ചത്.

സംഘടനയിൽ പ്രവർത്തിക്കാൻ ആരംഭിച്ചതോടെ സിനിമയിൽ അവസരം കുറഞ്ഞു. ഇത്തരം മാറ്റി നിർത്തൽ ഭയന്നാണ് ആരും അതിക്രമങ്ങൾ തുറന്നു പറയാത്തതെന്നും പാർവ്വതി പറയുന്നു. 'ഞങ്ങൾക്ക് ജീവനിൽ പേടിയുണ്ട്. ഞങ്ങളുടെ മാതാപിതാക്കളുടെ ജീവനിൽ പേടിയുണ്ട്. ഞങ്ങൾ സംസാരിച്ചാൽ അവർ ഞങ്ങളുടെ വീടുകൾക്ക് ചിലപ്പോൾ തീയിട്ടേക്കാം'പാർവ്വതി പറഞ്ഞു.

തനിക്ക് സിനിമയിൽ ഇപ്പോൾ ആകെ ഒരു അവസരം മാത്രമാണുള്ളത്. അതേസമയം, അടുത്ത കാലത്തായി റിലീസ് ചെയ്ത ചിത്രങ്ങളിൽ മിക്കതും മാസങ്ങളോളം തീയേറ്ററിൽ ഓടിയിട്ടുണ്ട്. എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഇപ്പോൾ എം.ബി.എ ചെയ്താൽ മതിയായിരുന്നു എന്നാണ് തന്റെ വീട്ടുകാർ പറയുന്നത്. ബോളിവുഡ് നടിമാർ തുറന്നുപറച്ചിലിന് തയ്യാറായി മുന്നോട്ടു വരുമ്പോൾ നിങ്ങൾക്ക് ജോലി നഷ്ടപ്പെടില്ല എന്ന് ഉറപ്പുനൽകുന്ന നിർമ്മതാക്കളും പ്രൊഡക്ഷൻ ഹൗസുകളും അവിടെയുണ്ട്, എന്നാൽ മലയാളത്തിൽ അതില്ലെന്ന് പാർവ്വതി പറയുന്നു.