mj-akbar-

ന്യൂഡൽഹി: മീ ടൂ വിവാദത്തിൽ കുടുങ്ങി രാജിവച്ച മുൻ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനോട് ഈ മാസം 31ന് ഹാജരായി മൊഴി നൽകാൻ ഡൽഹി കോടതി നിർദ്ദേശിച്ചു. തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മാദ്ധ്യമപ്രവർത്തക പ്രിയാ രമണിക്കെതിരെ നൽകിയ മാനനഷ്ട കേസിലാണ് നടപടി. പ്രിയാരമണിയോടും അന്ന് തന്നെ ഹാജരായി മൊഴി നൽകാൻ അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

താൻ നിരപരാധിയാണെന്ന് അക്ബർ കോടതിയിൽ ആവർത്തിച്ചു. പ്രിയാരമണി,​ ലൈംഗികാരോപണം ഉന്നയിച്ചു കൊണ്ട് നടത്തിയ ട്വീറ്റ് കാരണം തന്റെ സൽപേരിന് അപരിഹാര്യമായ കളങ്കമേൽപ്പിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഗീത ലുത്ര കോടതിയെ അറിയിച്ചു. 1200ൽ അധികം ലൈക്കുകൾ നേടിയ ട്വീറ്റ് ദേശീയഅന്തർദേശീയ മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കുകയും ചെയ്തു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ആറ് സാക്ഷികളെ ഹാജരാക്കുമെന്നും അഭിഭാഷക വ്യക്തമാക്കി.

ഒക്ടോബർ എട്ടിന് മാദ്ധ്യമപ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നീട് വിദേശ വനിതാമാദ്ധ്യമ പ്രവർത്തകരടക്കം രംഗത്തു വരികയായിരുന്നു.