തിരുവനന്തപുരം: വാർത്താ സമ്മേളനത്തിൽ മന്ത്രി കടകംപള്ളി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള രംഗത്ത്. പ്രവീൺ തൊഗാഡിയയുടെ അനുകൂലികളുടെ ശബ്ദ സന്ദേശം ബി.ജെ.പിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. അജ്ഞതയുടെ പേരോ കടകംപള്ളി സുരേന്ദ്രനെന്ന് ചോദിച്ച ശ്രീധരൻ പിള്ള തന്നോട് മാപ്പ് പറഞ്ഞ പാർട്ടി പത്രത്തിന്റെ അവസ്ഥ കടകംപള്ളി സുരേന്ദ്രന് ഉണ്ടാകാതിരിക്കട്ടെയെന്നും പറഞ്ഞു. സോഷ്യൽ മീഡിയ വഴി കലാപാഹ്വാനം നടത്തിയ വ്യക്തിയുടെ ശബ്ദ സന്ദേശം കടകംപള്ളി വാർത്ത സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീധരൻ പിള്ളയുടെ മറുപടി.
തീർത്ഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാൻ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശമാണ് കടകംപള്ളി വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്. അഖിലേന്ത്യാ ഹിന്ദുപരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളിന്റേതാണ് ഈ ശബ്ദമെന്ന് മന്ത്രി പറഞ്ഞിരുന്നു. 144 പ്രഖ്യാപിച്ചിരിക്കുന്ന ശബരിമലയിൽ ഇരുമുടിക്കെട്ടുമായി എത്തണമെന്നും അവിടെ വച്ച് ഒരു മൊബൈൽ നമ്പറിൽ വിളിച്ചാൽ ആവശ്യമായ സഹായങ്ങൾ എല്ലാം നൽകുമെന്നും എത്രയും പെട്ടെന്ന് എത്താൻ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലെത്തണമെന്നുമാണ് സന്ദേശത്തിൽ പറയുന്നതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ പാർട്ടിപ്രവർത്തകരോട് ആഹ്വാനം ചെയ്ത ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള കലാപത്തിനാണോ ശ്രമിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതാണോ സർക്കാർ ചെയ്ത തെറ്റ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആർ.എസ്.എസാണ്. എന്നാൽ അവർഅത് മറച്ചുവയ്ക്കുകയാണ്. നിലയ്ക്കലിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടാക്കിയതും മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചതും ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ അല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അത്തരം അക്രമകാരികളെ ഉദ്ദേശിച്ചാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. എന്നാലത് ഭക്തരെ ഉദ്ദേശിച്ചല്ലെന്നും മന്ത്രി വിശദീകരിച്ചു.