sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജിയുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനം എടുക്കാൻ ദേവസ്വം ബോർഡിന് സർക്കാരിന്റെ അനുമതി. ദേവസ്വം ബോ‌ർഡിന്റെ നിർണായക യോഗം ചേരുന്നതിനിടെ സർക്കാരിന്റെ ഈ നിലപാട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന സൂചനയാണ് നൽകുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നിലപാട് അയയുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സമവായ ശ്രമങ്ങൾ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സർക്കാർ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്.

പന്തളം രാജകുടുംബത്തിന്റെയും തന്ത്രി കുടുംബവും പുനഃപരിശോധനാഹർജി നൽകിയാൽ മതിയെന്ന നിലപാട് അംഗീകരിച്ചാൽ സമരത്തിൽ സമവായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരും ബോർഡും. ശബരിമലയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നേരത്തെ അറിയിച്ചിരുന്നു.