മിനിമം ഗാരന്റി എന്നതാണ് ബിജു മേനോൻ നായകനാകുന്ന സിനിമകളുടെ ഹൈലൈറ്റ്. സ്വഭാവ വേഷങ്ങളിൽ നിന്ന് ഹാസ്യതാരത്തിന്റെ വേഷത്തിലേക്ക് ഒരുപോലെ ചുവടുമാറ്റം നടത്തുന്ന ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രമായ ആനക്കള്ളൻ എന്ന സിനിമയും ആ മിനിമം ഗാരന്റി സൂക്ഷിക്കുന്നുണ്ട്. എന്നാൽ, മിനിമത്തെക്കാൾ പ്രേക്ഷകരുടെ പ്രതീക്ഷയെ സിനിമ അസ്ഥാനത്താക്കുന്നില്ല. 'ഇവൻ മര്യാദരാമൻ എന്ന സിനിമയ്ക്കു ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്ത ഈ ചിത്രം ഒരു കൊലപാതകത്തിന്റെ അകംപൊരുൾ തേടിയുള്ള കഥയാണ്.
കള്ളൻ പവിത്രൻ റീലോഡഡ്
പദ്മരാജന്റെ മികച്ച സിനിമകളിലൊന്നായ കള്ളൻ പവിത്രൻ എന്ന സിനിമയുടെ പേരാണ് ഈ സിനിമയിൽ ബിജുവിന്റെ കഥാപാത്രത്തിനും നൽകിയിരിക്കുന്നത്. പവിത്രൻ എന്നാണെങ്കിലും അല്ലറചില്ലറ മോഷണം നടത്തി ജീവിക്കുന്നതിനിടെ പിടിയാലായ കള്ളൻ പവിത്രന്റെ കഥ. അങ്ങനെയിരിക്കെയാണ് പഴയകാലത്തെ ഒരു കൊട്ടാര നവീകരണത്തിനിടെ നിലവറയിലൊരു അസ്ഥികൂടം കണ്ടെത്തുന്നത്. ഈ അസ്ഥികൂടം ആരുടേതാണ് കൊല്ലപ്പെട്ടതാര്, കൊന്നതാര് എന്നൊക്കെയുള്ള അന്വേഷണങ്ങളാണ് സിനിമയുടെ ആകെത്തുക.
ഹിറ്റ് തിരക്കഥാകത്തുകളിലെ ഉദയകൃഷ്ണ - സിബി കെ. തോമസ് ടീമിലെ ഉദയകൃഷ്‌ണയുടേതാണ് തിരക്കഥ. പുലിമുരുകൻ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയ ഉദയകൃഷ്‌ണ പൂർണമായും എന്റർടെയ്‌നറായ ക്രൈം ത്രില്ലർ രൂപത്തിലാണ് സിനിമയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആദ്യ പകുതി മുഴുവൻ ഹാസ്യത്തിന്റെ അമിട്ടുകൾ പൊട്ടിച്ച് തിയേറ്ററിനെ ചിരിയുടെ പൂരപ്പറന്പാക്കുന്നു ഉദയകൃഷ്ണ. ബിജു മേനോൻ, ഹരീഷ് കണാരൻ, സുധീർ കരമന എന്നിവർക്കൊപ്പം ധർമജൻ ബോൾഗാട്ടി കൂടി ചേരുന്നതോടെ തിയേറ്ററിൽ സിനിമാപ്രേമികൾ ആർത്തലച്ചു ചിരിക്കുകയാണ്. തമാശകൾക്ക് വേണ്ടി തമാശകൾ സൃഷ്ടിക്കാതെ സാഹചര്യത്തിന് ഇണങ്ങുന്ന കോമഡി അതിഭാവുകത്വങ്ങളില്ലാതെ അവതരപ്പിച്ചതാണ് തിരക്കഥയുടെ ഹൈലൈറ്റ്. ആദ്യ പകുതി സസ്‌പെൻസിൽ നിറുത്തുന്പോൾ തന്നെ രണ്ടാം പകുതിയിൽ സംവിധായകൻ കാത്തുവച്ചിരിക്കുന്നത് ത്രില്ലറിന്റെ വലിയൊരു നിലവറ തുറക്കലാണെന്ന് പ്രേക്ഷകർക്ക് മനസിലാകും.
കള്ളൻ പവിത്രന്റെ ജീവിതത്തിലേക്കുള്ള വെളിച്ചം വീശലാണ് സിനിമയുടെ രണ്ടാം പകുതി. ആരോരുമറിയാതെ കിടന്ന, ഒരു നാടിനെ തന്നെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നതും ഇവിടെയാണ്. ത്രില്ലർ രംഗങ്ങളിൽ സ്വാഭാവികതയും നിഗൂഢതയും സിനിമയുടെ പശ്ചാത്തല സംഗീതവും സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും സിനിമ അതിനാടകീയതയിലേക്ക് വഴുതി വീഴുന്നുണ്ടെങ്കിലും പെട്ടെന്ന് തന്നെ സിനിമയെ ട്രാക്കിലേക്ക് മടക്കിയെത്തിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല ബിജു മേനോൻ ഇത്തരം കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെൻട്രൽ ജയിലിലെ മുതിർന്ന കള്ളനായി എത്തുന്ന പവിത്രന്റെ വേഷം ബിജുവിന്റെ കൈയിൽ ഭദ്രമാണ്. അവസരോചിതമായ കോമഡി രംഗങ്ങളിൽ അസാമാന്യ ടൈമിംഗാണ് ബിജു മേനോൻ പ്രകടമാക്കുന്നത്. തന്റെ പൂർവകാലത്ത് കർഷകനായി എത്തുന്ന ബിജുവിന്റെ വേഷപ്പകർച്ചയും പ്രേക്ഷകരെ ആകർഷിക്കും. നിന്നെയൊന്ന് കാണാനായി എന്ന ഗാനം കൂടി
ബിജു മേനോൻ ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്.
ബിജുവിന്റെ കൂട്ടുകള്ളനായി ഇടയ്ക്കിടെ എത്തുന്ന രാമു എന്ന സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം സിനിമ ഒളിപ്പിച്ച് വച്ചിരിക്കുന്ന നിഗൂഢതയുടെ നേർക്കാഴ്ചയാണ്. ചെറിയ വേഷമാണെങ്കിൽ കൂടി സുരാജിന്റെ അഭിനയമികവ് പ്രകടമാകുന്ന രംഗങ്ങൾ കൂടിയാണത്.
ഗുണ്ടാ കോരയായി എത്തുന്ന സുധീർ കരമനയും മികച്ചു നിൽക്കുന്നു. ഉശിരൻ പൊലീസ് വേഷത്തിൽ കസറാറുള്ള സിദ്ധിഖ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. വില്ലൻ വേഷത്തിലെത്തി ബാലയും പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്.
അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ചെറിയ റോളിൽ കൂടിയാണ് അനുശ്രീ എത്തുന്നതെങ്കിലും തന്റെ സ്വാഭാവികാഭിനയം കൊണ്ട് അനുശ്രീ പ്രേക്ഷകരുടെ മനം കവരുന്നുണ്ട്. പ്രിയങ്ക, ബിന്ദു പണിക്കർ, കൈലാഷ്, ബാല, സായികുമാർ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. രാജീവ് ആലുങ്കൽ, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് നാദിർഷ ഈണം പകർന്നിരിക്കുന്നു. പഞ്ചവർണതത്ത എന്ന സിനിമയ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിർമിച്ച ചിത്രമാണിത്.
വാൽക്കഷണം: കള്ളൻ പവിത്രൻ ആ....നക്കള്ളനാണ്