sabarimala


ശബരിമല: ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായി സന്നിധാനത്തിന് സമീപത്തെ നടപ്പന്തലിൽ യുവതികൾ എത്തി. കൊച്ചിയിൽ നിന്നുള്ള യുവതിയും ആന്ധ്രാപ്രദേശിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകയുമാണ് കനത്ത പൊലീസ് അകന്പടിയോടെ രാവിലെ 8.45ഓടെ സന്നിധാനത്ത് എത്തിയത്. യുവതി ഇരുമുടിക്കെട്ടുമായി ദർശനത്തിനും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോർട്ടറായ കവിത റിപ്പോർട്ടിംഗിനുമായാണ് ശബരിമലയിലെത്തിയത്. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലെന്നോണം കവിതയ്ക്ക് പൊലീസ് ഹെൽമറ്റും ജാക്കറ്റും നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി കവിത പമ്പയിൽ എത്തിയാണ് ശബരിമലയിലേക്ക് പോകണമെന്ന് ഐ.ജി ശ്രീജിത്തിനോട് ആവശ്യപ്പെട്ടത്. എന്നാൽ,​ രാത്രിയാത്ര അനുവദിക്കാനാകില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി. തുടർന്നാണ് ഇന്ന് രാവിലെ ആറ് മണിയോടെ യാത്ര തിരിച്ചത്. പൊലീസിന്റെ കനത്ത സുരക്ഷ ഉള്ളതിനാൽ തന്നെ അവർക്ക് ഭക്തരുടെ പ്രതിഷേധം നേരിടേണ്ടി വന്നിട്ടില്ല.

ഇന്നലെ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി റിപ്പോർട്ടർ സുഹാസിനി രാജ് പ്രതിഷേധത്തെ തുടർന്ന് മലകയറ്റത്തിനിടെ പകുതിയിൽ വച്ച് മടങ്ങിപ്പോയിരുന്നു.