ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധിയെ തുടർന്ന് കേരളത്തിൽ ഉടനീളം ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് ക്ഷേത്രദർശനം നടത്താമെന്ന സുപ്രീം കോടതി വിധി പൂർണമായും നടപ്പാക്കാൻ സംസ്ഥാന സർക്കാർ സുരക്ഷ ഒരുക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് റിപ്പോർട്ട് ചെയ്‌തത്. സന്നിധാനത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടതിന്റെ ചുമതല സംസ്ഥാന സർക്കാരിനാണെന്നും കേന്ദ്രം പറയുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും സന്നിധാനത്തെ ക്രമസമാധാനം നിയന്ത്രണ വിധേയമാണെന്നും കേരളം കേന്ദ്രത്തെ അറിയിച്ചതായാണ് സൂചന. വനിതകൾ ശബരിമലയിലേക്ക് എത്തുന്നത് തടഞ്ഞാൽ അത് കോടതിയലക്ഷ്യമാകും. ഈ സാഹചര്യത്തിലാണ് ഒക്ടോബർ 15ന് തന്നെ കേരളത്തിന് നിർദേശം അയച്ചതെന്നും ഉദ്യോഗസ്ഥൻ പറയുന്നു.