കൊച്ചി: സുപ്രീം കോടതി വിധിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശബരിമല നടപ്പന്തലിലേക്ക് എത്തിയത് കൊച്ചി സ്വദേശിയായ സിനിമാ താരം രഹ്‌നാ ഫാത്തിമയും ആന്ധ്രാ സ്വദേശിയായ മാദ്ധ്യമ പ്രവർത്തകയായ കവിതയും. ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘത്തിന്റെ സുരക്ഷാ അകമ്പടിയോടെയാണ് പ്രതിഷേധങ്ങൾ കടന്ന് ഇവർ സന്നിധാനത്തെത്തിയത്. ഹൈദരാബാദ് സ്വദേശിയായ കവിത റിപ്പോർട്ടിംഗിന് വേണ്ടിയാണ് സന്നിധാനത്തെത്തിയതെന്നാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ ദിവസം രാത്രിയാണ് കവിത ശബരിമലയിലേക്ക് കയറാൻ പൊലീസ സുരക്ഷ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാൽ രാത്രി സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ യാത്ര രാവിലത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നൂറോളം പൊലീസുകാരുടെ അകമ്പടിയോടെ യുവതികളെ എട്ടരയോടെ നടപ്പന്തലിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ യുവതികളെ സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന നിലപാടുമായി നൂറോളം അയ്യപ്പഭക്തർ നടപ്പന്തലിന് മുന്നിൽ പ്രതിഷേധിച്ചു. ഇവരെ അനുനയിപ്പിക്കാൻ ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ കുറച്ച് നേരം ചർച്ച നടത്തി. ഒരു തരത്തിലുമുള്ള പൊലീസ് നടപടിയും ഭക്തർക്ക് നേരെയുണ്ടാകില്ലെന്നും പ്രതിഷേധിക്കാൻ അവസരം ഒരുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ബലം പ്രയോഗിച്ച് യുവതികളെ സന്നിധാനത്തേക്ക് എത്തിക്കണമെന്ന നിലപാട് സർക്കാരിനില്ലെന്നും അദ്ദേഹം സരമക്കാരെ അറിയിച്ചു. നടപ്പന്തലിൽ കുട്ടികൾ അടക്കമുള്ള അയ്യപ്പഭക്തർ ഇപ്പോഴും തുടരുകയാണ്.