sabarimala

ശബരിമല:സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമല സന്നിധിയിൽ യുവതികൾ എത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി പന്തളം കൊട്ടാരം. ആചാരലംഘനം നടക്കുകയാണെങ്കിൽ നടയടച്ച് താക്കോൽ ഏൽപ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാരം നിർദ്ദേശം നൽകി. പന്തളം കൊട്ടാര നിർവാഹകസമിതി സെക്രട്ടറി നാരായണ വർമ്മയാണ് ഇത്തരം ഒരു നിർ‌ദ്ദേശം നൽകിയത്.

കൊച്ചിയിൽ നിന്നുള്ള യുവതിയും ആന്ധ്രാപ്രദേശിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകയുമാണ് കനത്ത പൊലീസ് അകമ്പടിയോടെ രാവിലെ 8.45ഓടെ സന്നിധാനത്ത് എത്തിയത്. യുവതി ഇരുമുടിക്കെട്ടുമായി ദർശനത്തിനും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോർട്ടറായ കവിത റിപ്പോർട്ടിംഗിനുമായാണ് ശബരിമലയിലെത്തിയത്. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലെന്നോണം കവിതയ്ക്ക് പൊലീസ് ഹെൽമറ്റും ജാക്കറ്റും നൽകിയിട്ടുണ്ട്.