പമ്പ: വിശ്വാസികൾക്ക് ശബരിമലയിലെത്താൻ എല്ലാവിധ സംരക്ഷണം നൽകുമെന്നും എന്നാൽ ആക്‌ടിവിസ്‌റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെന്ന പുണ്യഭൂമിയെ മാറ്റില്ലെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. യുവതികളെ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കേണ്ടതായിരുന്നു. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സംരക്ഷണയിൽ സന്നിധാനത്തെത്തിയ യുവതികളെ തിരിച്ചയയ്‌ച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് ഭരണഘടനാ സ്ഥാപനമായ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സന്നിധാനത്തേക്ക് എത്തുന്ന വിശ്വാസികൾക്ക് എല്ലാ വിധ സംരക്ഷണവും സർക്കാർ ഒരുക്കും. എന്നാൽ ഇതിന്റെ മറവിൽ ആക്‌ടിവിസ്‌റ്റുകളെ ശബരിമലയിലെത്തി അവരുടെ ശക്തി തെളിയിക്കാൻ അനുവദിക്കില്ല. ഇപ്പോൾ പൊലീസ് നടപ്പന്തലിലെത്തിച്ചത് യഥാർത്ഥ വിശ്വാസികളാണെന്ന് സംശയമുണ്ട്. ശബരിമലയെ ആക്‌ടിവിസ്‌റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമാക്കാൻ അനുവദിക്കില്ല. ഇവരെ ശബരിമലയിലക്ക് എത്തിക്കുന്നതിന് മുമ്പ് പൊലീസ് അവരുടെ പശ്ചാത്തലം പരിശോധിക്കണമായിരുന്നു. ഇക്കാര്യത്തിൽ പൊലീസിന് ചെറിയ വീഴ്‌ചയുണ്ടായതായി സംശയിക്കണമെന്നും മന്ത്രി പറഞ്ഞു. യുവതികളെ തിരിച്ചയയ്‌ക്കാൻ പൊലീസിനോട് നിർദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.