തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായ് എന്നിവരടക്കം നിരവധി പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ശബരിമല യുവതീ പ്രവേശനത്തിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ ഇരിക്കെയാണ് തൃപ്‌തി ദേശായിയെ പൊലീസ് കരുതൽ തടങ്കലിലെടുത്തത്. മഹാരാഷ്ട്രയിലെ ശിർദിയിൽ മോദിയുടെ സന്ദർശനം കഴിയുന്നത് വരെ തൃപ്‌തി ദേശായിയെ പൊലീസ് കസ്‌റ്റഡിയിൽ സൂക്ഷിക്കുമെന്ന് പൂനെ പൊലീസ് വ്യക്തമാക്കി. അതേസമയം, വടശേരിക്കരയിൽ റോഡ‌് ഉപരോധിച്ചതിനാണ് ശോഭാ സുരേന്ദ്രനെയും ഏഴ് മഹിളാ മോർച്ചാ പ്രവർത്തകരെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ശിർദിയിലെത്തുന്ന മോദിയുമായി ശബരിമല വിഷയത്തിൽ ചർച്ച നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്‌തി ദേശായി കഴിഞ്ഞ ദിവസം അഹമ്മദ്നഗർ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചിരുന്നു. ഇതിന് സമ്മതിച്ചില്ലെങ്കിൽ മോദിയുടെ വാഹനവ്യൂഹം തടഞ്ഞുനിറുത്തി അദ്ദേഹത്തെ കാണുമെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് മുൻകരുതലെന്നോണം തൃപ്‌തിയെ പൂനെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം, രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് മോദിയോട് പരാതി പറയാൻ മാത്രമേ താൻ ഉദ്ദേശിച്ചിരുന്നുള്ളൂവെന്ന് തൃപ്‌തി ദേശായി പ്രതികരിച്ചു. സ്ത്രീകൾക്ക് നല്ല ദിനങ്ങൾ വാഗ്‌ദ്ധാനം ചെയ്‌താണ് മോദി അധികാരത്തിലേറിയത്. എന്നാൽ സ്ത്രീകൾ ഇപ്പോഴും രാജ്യത്ത് സുരക്ഷിതരല്ല. മുത്തലാഖ് വിഷയത്തിൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ തയ്യാറായ മോദി ഹിന്ദു സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. നിരവധി സ്ത്രീകൾ ശബരിമലയിലെത്തി പ്രാർത്ഥന നടത്തണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ പ്രദേശത്തെ സംഘർഷാവസ്ഥ മൂലം ഇവർക്ക് ശബരിമലയിലേക്ക് പോകാൻ കഴിയുന്നില്ലെന്നും അവർ ആരോപിച്ചു.