ശബരിമല: ശബരിമലയിലെ ആചാരം ലംഘിച്ചാൽ നട അടച്ചിടുമെന്ന് ശബരിമല തന്ത്രി. പന്തളം കൊട്ടാരത്തെ തന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് പിന്നാലെ യുവതികൾ സന്നിധാനത്ത് എത്തിയ സാഹചര്യത്തിലാണ് തന്ത്രി കടുത്ത നിലപാടുമായി എത്തിയത്. യുവതികൾ പ്രവേശിച്ചാൽ നടയടച്ച് പരിഹാരക്രിയകൾ നടത്തുമെന്നും തന്ത്രി വ്യക്തമാക്കി. ആചാരം ലംഘിച്ചാൽ നട അടച്ചിട്ട് താക്കോൽ കെെമാറണമെന്ന് പന്തളം കൊട്ടാരവും നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഇതുവരെയില്ലാത്ത പ്രതിഷേധമാണ് സന്നിധാനത്ത് നടക്കുന്നത്. ശബരിമയിലെ പൂജകൾ നിർത്തിവച്ച് തന്ത്രിയുടെ പരികർമികൾ പതിനെട്ടാം പടിക്ക് താഴെ ശരണം വിളിയുമായി പ്രതിഷേധിക്കുകയാണ്. തങ്ങളുടേത് പ്രതിഷേധമല്ല, ആചാരസംരക്ഷണത്തിനായുള്ള പ്രാർത്ഥനയാണ് നടക്കുന്നതെന്ന് പരികർമികൾ വ്യക്തമാക്കി.
അതിനിടെ, സന്നിധാനത്ത് എത്തിയ യുവതികളുമായി പൊലീസ് ചർച്ച നടത്തുകയാണ്. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ യുവതികൾ തിരിച്ച് പോവണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.