തിരുവനന്തപുരം: ശബരിമലയിലേക്ക് പൊലീസ് സുരക്ഷയിൽ യുവതികളെ എത്തിച്ചതിൽ പ്രതിഷേധിച്ച് തന്ത്രികൾ പൂജ നിറുത്തിവച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നിർണായക കൂടിക്കാഴ്‌ചകൾ. സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയ ഗവർണർ ജസ്‌റ്റിസ് പി.സദാശിവം കൂടിക്കാഴ്ച നടത്തുകയാണ്. എ.കെ.ജി സെന്ററിൽ കൂടിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചു വരുത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ചർച്ച നടത്തുകയാണ്. നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനും ഇനി സ്വീകരിക്കണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനുമാണ് രണ്ട് കൂടിക്കാഴ്‌ചകളും നടക്കുന്നത്.
അതേസമയം, പൊലീസ് സംരക്ഷണയിൽ ശബരമലയിലേക്ക് തിരിച്ച യുവതികൾ ഇപ്പോഴും നടപ്പന്തലിൽ തുടരുകയാണ്. യുവതികളുമായും പ്രതിഷേധക്കാരുമായും ഇപ്പോഴും പൊലീസ് ചർച്ച നടത്തുകയാണ്. യുവതികൾ എത്രയും വേഗം നടപ്പന്തലിൽ നിന്നും പിന്മാറണമെന്നും ഇല്ലെങ്കിൽ ശ്രീകോവിൽ അടച്ചിട്ട് പ്രതിഷേധിക്കുമെന്നാണ് തന്ത്രിമാരുടെ നിലപാട്. അവിശ്വാസികൾ കയറി അശുദ്ധമാക്കിയ ശബരിമലയിലെ പുണ്യഭൂമി പുണ്യാഹം തളിച്ച് ശുദ്ധികലശം നടത്തണമെന്നും തന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.