ശബരിമല: ആചാരലംഘനമുണ്ടായാൽ ശ്രീകോവിൽ അടച്ചിടുമെന്ന തന്ത്രിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കൊച്ചി സ്വദേശി രഹ്ന ഫാത്തിമയും മാദ്ധ്യമപ്രവർത്തക കവിതയും ശബരിമലയിൽ നിന്ന് മടങ്ങുന്നു. യുവതികൾ പതിനെട്ടാം പടി ചവിട്ടിയാൽ നട അടച്ചിടുമെന്നായിരുന്നു തന്ത്രിയുടെ നിലപാട്.
തന്ത്രിയുടെ നിലപാട് യുവതികളെ അറിയിച്ചിരുന്നുവെന്നും ഇത് അവർ അംഗീകരിച്ചതിനെ തുടർന്നാണ് ഇരുവരും മടങ്ങുന്നതെന്നും എെ.ജി ശ്രീജിത്ത് വ്യക്തമാക്കി. ഇവരെ സുരക്ഷിതമായി തിരികെ കൊണ്ട് വരേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരിച്ചു പോവാതെ മറ്റ് മാർഗമില്ലെന്നായിരുന്നു മടങ്ങുന്നതിന് മുമ്പ് രഹ്ന ഫാത്തിമയുടെ പ്രതികരണം.
യുവതികൾ എത്തിയതിന് പിന്നാലെ ശബരിമല ഇതുവരെ കാണാത്ത പ്രതിഷേധത്തിനാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. തന്ത്രിയുടെ പരികർമ്മികൾ ഉൾപ്പെടെ പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധവുമായി എത്തിയതോടെ യുവതികളുടെ മുന്നിൽ മറ്റ് മാർഗമില്ലാതാവുകയായിരുന്നു. യുവതികൾ തിരിച്ചിറങ്ങാൻ തുടങ്ങിയതോടെ പരികർമികൾ പ്രതിഷേധം അവസാനിപ്പിച്ചു.