keralakaumudi-vidyarambha

തിരുവനന്തപുരം: നവരാത്രിയുടെ പുണ്യം പേറി കേരളകൗമുദിയിൽ നൂറുകണക്കിന് കുരുന്നുകൾ അറിവിന്റെ ഹരിശ്രീ കുറിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്‌തരായ ആചാര്യൻമാരുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച രാവിലെ പേട്ട എസ്.എൻ.ഡി.പി ഹാളിലായിരുന്നു ചടങ്ങ് നടന്നത്.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ബഹിരാകാശ ശാസ്ത്രജ്ഞനുമായ എം. ചന്ദ്രദത്തൻ, ഫയർഫോഴ്സ് മേധാവി ഡി.ജി.പി എ. ഹേമചന്ദ്രൻ, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, അനന്തപുരി ആശുപത്രി സി.എം.ഡിയും ന്യൂറോ സർജനുമായ ഡോ. മാർത്താണ്ഡപിള്ള, സംഗീത അദ്ധ്യാപികയും ഗായികയുമായ ഡോ. ബി. അരുന്ധതി, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഗോമതി അമ്മാൾ, കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ. അജിത്കുമാർ എന്നിവരായിരുന്നു ആചാര്യൻമാർ.

രാവിലെ 7.30 മുതൽ ഒൻപത് വരെയായിരുന്നു വിദ്യാരംഭ ചടങ്ങ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത് ആദ്യാക്ഷരം കുറിച്ച എല്ലാ കുഞ്ഞുങ്ങൾ‌ക്കും സ്‌മാർട്ട് സ്‌കൂൾ ജൂനിയറും കേരളകൗമുദിയും ചേർന്ന് ആകർഷകമായ സമ്മാനങ്ങളും നൽകി. വിദ്യാരംഭത്തിൽ പങ്കെടുത്ത കുട്ടികളുടെ ഫോട്ടോ പാരമൗണ്ട് സ്‌റ്റുഡിയോ സൗജന്യമായി പ്രിന്റെടുത്ത് നൽകി.