sabarimala

തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ സർക്കാരും പൊലീസും ശ്രമിച്ചാൽ സ്വാഭാവിക തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. പൊലീസ് വേഷത്തിൽ യുവതികളെ ശബരിമലയിലെത്തിക്കാൻ ശ്രമിച്ചത് സർക്കാരും പൊലീസും നടത്തിയ ഗൂഢാലോചനയാണ്. നിയമങ്ങൾ ലംഘിച്ച് യുവതികൾക്ക് പൊലീസ് വേഷം നൽകിയതിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിന് ഗുരുതര വീഴ്‌ച സംഭവിച്ചതായും സുരേന്ദ്രൻ ആരോപിച്ചു.

ശബരിമലയിലെ യുവതി പ്രവേശനം സാധ്യമാക്കാൻ വേണ്ടി സർക്കാർ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ഇന്നലെ പമ്പ പൊലീസ് സ്‌റ്റേഷനിൽ യുവതികൾ എത്തിയ വിവരം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിഞ്ഞിരുന്നു. എന്നിട്ട് ഇപ്പോൾ അദ്ദേഹം നാടകം കളിക്കുകയാണ്. ഇത്തരത്തിൽ നുണ പറയാൻ ശ്രമിച്ചാൽ കടകംപള്ളിയെ ബി.ജെ.പി പ്രവർത്തകർ തെരുവിൽ ഇറങ്ങാൻ സമ്മതിക്കില്ല. ആചാരങ്ങൾ ലംഘിക്കാൻ ശ്രമിച്ചാൽ നിയമം കയ്യിലെടുത്ത് തന്നെ അതിനെ നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഹിന്ദുക്കളുടെ ക്ഷേത്രത്തിൽ രഹ്‌നാ ഫാത്തിമയ്‌ക്കെന്താ കാര്യമെന്നും സുരേന്ദ്രൻ ചോദിച്ചു. മുസ്‌ലിങ്ങളുടെ പ്രശ്‌നം വന്നപ്പോൾ ഏതെങ്കിലും ഹിന്ദു മത വിശ്വാസികൾ അതിൽ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.