novel

ആഗതൻ പിടിവിട്ടു.
തോളിലിരുന്ന മനുഷ്യൻ പിന്നിലേക്കു വീണു. അവിടെ കിടന്ന് നടുവൊടിഞ്ഞ പാമ്പിനെപ്പോലെ കൈകാൽ തല്ലി പിടഞ്ഞു.
നിലവിളിക്കാനുള്ള ശേഷിപോലും നഷ്ടമായിരുന്നു അയാൾക്ക്.

ആഗതൻ ചുറ്റും നോക്കി. ഏഴുപേർ അവിടെ ചിതറിക്കിടപ്പുണ്ട്.
ടയർ സാജന് അത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല... തന്റെ ആളുകളെ നിമിഷങ്ങൾക്കുള്ളിൽ തല്ലി തോൽപ്പിക്കുക...!
ആഗതനും ടയർസാജനും പരസ്പരം നോക്കി നിന്നു.
ആഗതൻ ഹെൽമറ്റ് ഒന്നുകൂടി നേരെ വച്ചു.

''നീ വല്യ ഗുണ്ടയാ മാങ്ങാത്തൊലിയാ എന്നൊക്കെ പറഞ്ഞിട്ട് ഒന്നു കട്ടയ്ക്കു നിൽക്കുന്ന ഒരെണ്ണം പോലും നിന്റെ ഗ്രൂപ്പിൽ ഇല്ലല്ലോടാ?'
സാജൻ മിട വിഴുങ്ങി.
ആഗതൻ തുടർന്നു.

''വെറുതെ മസിലും പെരുപ്പിച്ച് വിരിഞ്ഞു നടക്കുന്നുവന്മാർക്ക് ചെല്ലും ചെലവും കൊടുത്തിട്ടൊന്നും കാര്യമില്ലെന്ന് നിനക്കിപ്പോൾ മനസ്സിലായല്ലോ. വേണ്ടത് നല്ല തന്തേടെ ഗുണമാ. നിനക്കും കൂട്ടുകാർക്കും അത് ഇല്ലാതെ പോയി...'

''എടാ...' സാജൻ ഗറില്ലയെപ്പോലെ പല്ലിളിച്ചു. ''അവന്മാരു വീണെങ്കിൽ വീഴെട്ടെടാ... ദാ എന്റെ ഈ കൈകൊണ്ടാണ് തന്റെ മരണം.'
സാജൻ തന്റെ ഇടം കൈയിലെ മസിലിൽ തട്ടി കാണിച്ചു.

കുഴിയിൽ കിടന്ന് എല്ലാം കാണുന്നുണ്ടായിരുന്നു പരമേശ്വരൻ. തന്റെ ശരീരത്തിന്റെ കുറച്ചു ഭാഗം മണ്ണിൽ മൂടിയെങ്കിലും അയാൾ സന്തോഷത്തോടെ തലയുയർത്തി.
''ഞാൻ പറഞ്ഞില്ലേടാ ഈശ്വരൻ വരുമെന്ന്? അല്ലെങ്കിൽ ആരെയെങ്കിലും പറഞ്ഞയയ്ക്കുമെന്ന്?'
ഇതാടാ ഞാൻ പറഞ്ഞ ആൾ..'
അതുകൂടി കേട്ടതോടെ സാജന്റെ കോപം ദ്വിഗുണീഭവിച്ചു.

എടോ കെഴവാ...!
അയാൾ പരമേശ്വരനു നേരെ കുതിക്കാനാഞ്ഞു.
പക്ഷേ മിന്നൽ വേഗത്തിൽ ആഗതൻ കൈകൾ വിരിച്ചു തടഞ്ഞു.

''ഇനി അത് വേണ്ട ടയറേ... അതല്ലെങ്കിൽ നീ എന്നെ കൊന്നിട്ട് പൊയ്‌ക്കോ.'
സാജന്റെ കണ്ണുകൾ വൈരപ്പൊടി വീണതുപോലെ തിളങ്ങി.

''അതിനു തന്നെയാടാ ഞാൻ തീരുമാനിച്ചിരിക്കുന്നത്. പക്ഷേ ചുണയുണ്ടെങ്കിൽ നീ പറ.... ആരാണു നീ?'
''ഞാനോ?' ഹെൽമറ്റിനുള്ളിൽ മുഴക്കമുള്ള ഒരു ചിരി കേട്ടു. ''അത് അറിയാതെ മരിച്ചാൽ നിന്റെ ആത്മാവ് നരകത്തിലേക്കു പോകാതെ ഇവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ് പാവങ്ങളെ പേടിപ്പിച്ചാലോ? പറഞ്ഞേക്കാം.'

അയാൾ ഒന്നു നിർത്തി. പിന്നെ ഹെൽമറ്റിന്റെ ഗ്ലാസ് അരയിഞ്ചോളം മേലേക്കുയർത്തി.
അവിടെ രണ്ട് ഉളിപ്പല്ലുകളും കട്ടിമീശയും സാജൻ കണ്ടു.
അയാൾ പറഞ്ഞു.

''ഞാൻ കൽക്കി. അതായത് മുസാഫിർ സുബ്രഹ്മണ്യ ഈശോ..'

''ങ്‌ഹേ?' അമ്പരന്നു പോയി സാജൻ. അത് മനസ്സിലാക്കിയിട്ട് കൽക്കി തുടർന്നു:
''മുസൽമാനും ഹിന്ദുവും ക്രിസ്ത്യനും ചേർന്ന പുതിയ അവതാരം. ദൈവം ഒന്നേയുള്ളെടാ. ആ ദൈവത്തെയാണ് സ്വസ്ഥതയും സമാധാനവും കിട്ടുമെന്നു കരുതി ജനം പലതായി വിഭജിച്ച് ആരാധിക്കുന്നത്. ഞാൻ ഇത് മൂന്നും കൂടി ചേർന്നവൻ. അതുകൊണ്ട് എനിക്ക് ജാതിയും മതവുമില്ല... മനുഷ്യൻ മാത്രമേയുള്ളൂ. നന്മയും തിന്മയും മാത്രമേ ഞാൻ കാണുന്നുള്ളൂ. നന്മയ്ക്കുമേൽ തിന്മ ആധിപത്യം സ്ഥാപിച്ച ഈ നാട്ടിൽ തിന്മയുടെ അന്തകനാണു ഞാൻ. അത് ബിഷപ്പായാലും സ്വാമിയായാലും മുക്രിയായാലും.. ഒന്നേയുള്ളൂ എന്റെ മറുപടി. മരണം. അർഹിക്കുന്നവന് അത് എത്തിച്ചുകൊടുക്കുന്ന ഒരു പാവം ജനസേവകൻ...'
അയാൾ കൈകൾ ഒന്നുകൂട്ടിത്തിരുമ്മി. രണ്ട് പാറക്കല്ലുകൾ ഉരയുന്നതു പോലെയുള്ള ശബ്ദം കേട്ടു.

അടുത്ത നിമിഷം ടയർ സാജൻ അട്ടഹസിച്ചു.
''ഞാനും അതേപോലെ ഒരു അവതാരമാടാ.. തിന്മയുടെ സേവകൻ. കൊല്ലേണ്ടവരെ കൊന്ന് ടയറിലൂടെ വലിച്ചിറക്കി കെട്ടി തൂക്കുന്നവൻ. നീ കൽക്കിയാണെങ്കിൽ ഞാൻ കാലൻ.'
പറഞ്ഞതും സാജൻ കുതിച്ചുചാടി.
അത് അപ്രതീക്ഷിതമായിരുന്നു.

നെഞ്ചിൽ ചവിട്ടേറ്റ്കൽക്കി ബൈക്കിന്റെ സീറ്റിലേക്കു തെറിച്ചുവീണു.
പക്ഷേ മിന്നൽ പോലെ ബാലൻസ്പിടിച്ച് കൽക്കി സീറ്റിൽ കൈകുത്തി അപ്പുറത്തേക്കു മലക്കം മറിഞ്ഞു നിവർന്നു.
ടയർ സാജൻ, തറയിൽ കിടന്നിരുന്ന രണ്ട് മടവാളുകൾ കുനിഞ്ഞെടുത്തു നിവർന്നു.

ഇരുകയ്യിലും വാളുമായി അയാൾ പറന്നുവന്നു.
പരമേശ്വരൻ ഞെട്ടലോടെ എത്തിനോക്കി.
അടുത്ത നിമിഷം ബൈക്കിന്റെ ഹെഡ്‌ലൈറ്റിന്റെ പിന്നിലെ ഇരുട്ടിൽ നിന്ന് ഒരു ശിരസ്സ്‌കടയറ്റു വീണുരുണ്ടു...! (തുടരും)