sabarimala-marry

പമ്പ: വിദ്യാരംഭ ദിവസത്തിൽ അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി എത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെ പൊലീസ് തിരിച്ചയച്ചു. രാവിലെ പൊലീസ് സുരക്ഷയിൽ മലകയറിയ രഹനാ ഫാത്തിമയും കവിതയും തിരിച്ചിറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതായി ഇവർ പൊലീസിനെ സമീപിച്ചത്. എന്നാൽ സന്നിധാനത്തേക്ക് പോകുന്നത് ഇപ്പോൾ സുരക്ഷിതമല്ലെന്നും മതിയായ സുരക്ഷയൊരുക്കാൻ തങ്ങൾക്ക് പരിമിതികളുണ്ടെന്നും പൊലീസ് അറിയിച്ചു. ആദ്യഘട്ടത്തിൽ പിന്തിരിയാൻ ഇവർ തയ്യാറായില്ല. ഇതിനിടയിൽ ശരണം വിളികളുമായി ഭക്തർ തടിച്ചുകൂടിയതോടെ ഇവർ പിന്തിരിഞ്ഞു.

ഇന്ന് രാവിലെ 6.50 ഓടെയാണ് ആന്ധ്രയിൽ നിന്നുള്ള മോജോ ടി.വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടർ കവിതയും എറണാകുളം സ്വദേശിയും ചുംബന സമര നായികയുമായ സൂര്യയെന്ന രഹനാ ഫാത്തിമയും മലകയറാൻ തുടങ്ങിയത്. ശബരിമലയിലും അത് ചാനലുകളിലൂടെ കണ്ടുകൊണ്ടിരുന്നവരിലും ഉദ്വേഗവും ആകാംക്ഷയും ജനിപ്പിച്ചു. കോടതി വിധി നടപ്പാക്കാൻ സർവസന്നാഹങ്ങളുമായി പൊലീസും വിശ്വാസം സംരക്ഷിക്കാൻ ഭക്തരും അണിനിരന്നതോടെ എന്തും സംഭവിക്കുമെന്ന സ്ഥിതിയായി.കവിത ഇന്നലെ രാത്രി തന്നെ മലകയറാനായി പൊലീസിനെ സമീപിച്ചിരുന്നു. രാവിലെ കയറാനാണ് പൊലീസ് നിർദ്ദേശിച്ചത്. റിപ്പോർട്ടർ എന്ന നിലയിലാണ് അവർക്ക് കയറേണ്ടിയിരുന്നത്. രഹനാ ഫാത്തിമയുടെ തലയിൽ ഇരുമുടിയുമുണ്ടായിരുന്നു. മലകയറുമ്പോൾ തന്നെ സന്നിധാനത്ത് അയ്യപ്പ വിശ്വാസികളുടെ ശക്തമായ പ്രതിരോധവും ഉയരുന്നുണ്ടായിരുന്നു. കവിതയെ പൊലീസിന്റെ ഹെൽമെറ്റും സുരക്ഷാ വസ്ത്രവും ധരിപ്പിച്ചാണ് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ മല കയറാൻ സുരക്ഷ ഒരുക്കിയത്. തുടർന്ന് രണ്ട് യുവതികളെയും സുരക്ഷാ വലയത്തിൽ കാനന പാത താണ്ടി വലിയ നടപ്പന്തൽ വരെ എത്തിച്ചു.

വിവരം അറിഞ്ഞ് അഞ്ഞൂറിലധികം വിശ്വാസികൾ വലിയനടപ്പന്തലിന്റെ പ്രവേശന കവാടത്തിൽ ശരണംവിളിയുമായി പ്രതിഷേധിച്ചു. എട്ടരയോടെയോടെ പൊലീസ് സംഘം യുവതികളുമായി നടപ്പന്തലിനടുത്തെത്തിയെങ്കിലും മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് യുവതികളുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.