നാഗ്പൂർ: രാജ്യത്തെ കുട്ടികളെ സംരക്ഷിക്കാനുള്ള മതിലായി ആർ.എസ്.എസ് പ്രവർത്തിക്കണമെന്ന് നൊബേൽ ജേതാവ് കെെലാഷ് സത്യാർത്ഥി. വിജയദശമി ദിനത്തിൽ നാഗ്പൂരിൽ ആർ.എസ്.എസിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''വീട്ടിലും ജോലിസ്ഥലത്തും പൊതുഇടങ്ങളിലുമെല്ലാം ഇപ്പോൾ സ്ത്രീകൾ പേടിയും ഭീഷണിയും അരക്ഷിതാവസ്ഥയും നേരിടുകയാണ്. ഭാരത മാതാവിനെ അപമാനിക്കുന്നതിന് തുല്യമാണത്. ശിശുസൗഹൃദ രാജ്യമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറണമെങ്കിൽ യുവാക്കളുടേത് ഉൾപ്പെടെ നേതൃത്വവും പങ്കാളിത്തവും ആവശ്യമാണ്. ആർ.എസ്.എസിലെ യുവാക്കൾക്ക് ഈ ലക്ഷ്യം കെെവരിക്കാനാകും"- അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ആർ.എസ്.എസിന് ശാഖയുണ്ട്. ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് സംരക്ഷണമതിൽ തീർക്കാനും അവരെ സ്വയം പര്യാപ്തരാക്കാനും ആർ.എസ്.എസിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.