ശബരിമല: ആന്ധ്ര സ്വദേശിയും മാദ്ധ്യമ പ്രവർത്തകയുമായ കവിത (24), എറണാകുളം സ്വദേശിയും ചുംബന സമര നായികയുമായ സൂര്യയെന്ന രെഹ്ന ഫാത്തിമ എന്നിവർ സന്നിധാനത്ത് എത്താനുള്ള ശ്രമം അയ്യപ്പവിശ്വാസികളുടെ ശക്തമായ പ്രതിരോധത്തിൽ വിഫലമായി. ഐ.ജി എസ്.ശ്രീജിത്ത്, എസ്.പി ദേവേഷ് കുമാർ ബെഹ്ര എന്നിവരുടെ നേതൃത്വത്തിൽ നൂറോളം വരുന്ന സായുധ പൊലീസിന്റെ സംരക്ഷണയിലാണ് ഇവർ മലകയറി 8.30 ഓടെ സന്നിധാനത്തിനടുത്ത് ഫോറസ്റ്റ് ഐ.ബിക്ക് മുന്നിലെത്തിയത്. കവിതയെ പൊലീസിന്റെ ഹെൽമെറ്റും സുരക്ഷാ വസ്ത്രവും ധരിപ്പിച്ചാണ് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ മല കയറാൻ സുരക്ഷ ഒരുക്കിയത്.
ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കവിത ജക്കാല എന്ന മാധ്യമപ്രവർത്തകയും ഇരുമുടിക്കെട്ടേന്തി സൂര്യയുമാണ് പുലർച്ചെ 6.50 ഓടെ പമ്പയിൽ നിന്ന് നീലിമല വഴി സന്നിധാനത്തേക്ക് പുറപ്പെട്ടത്. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടറാണ് കവിത.
തനിക്ക് റിപ്പോർട്ട് ചെയ്യാൻ സന്നിധാനത്ത് എത്തണമെന്ന അഭ്യർത്ഥനയാണ് കവിത പൊലീസിനോട് നടത്തിയത്. തുടർന്ന് പൊലീസ് ഇവർക്ക് സുരക്ഷ ഒരുക്കാൻ തയാറാവുകയായിരുന്നു. തുടർന്ന് രണ്ട് യുവതികളെയും സുരക്ഷാ വലയത്തിൽ കാനന പാത താണ്ടി വലിയ നടപ്പന്തൽ വരെ എത്തിച്ചു.
വിവരം അറിഞ്ഞ് അഞ്ഞൂറിലധികം വിശ്വാസികൾ വലിയനടപ്പന്തലിന്റെ പ്രവേശന കവാടത്തിൽ ശരണംവിളിയുമായി പ്രതിഷേധിച്ചു. പമ്പയിൽ നിന്നെത്തിയ പൊലീസ് ഹെൽമെറ്റ്, ഷീൽഡ്, ലാത്തി തുടങ്ങി സർവസന്നാഹങ്ങളുമായാണ് മുന്നേറിയത്. ഒപ്പം ശബരിമലയിലുള്ള മുന്നൂറോളം പൊലീസുകാരും സജ്ജരായിരുന്നു. ഇതോടെ ഒരുമണിക്കൂറോളം ഭഗവത് സന്നിധി സംഘർഷഭീതിയിലായി. എന്തും സംഭവിക്കാമെന്ന അവസ്ഥ സംജാതമായതോടെ പൊലീസ് യുവതികളെ ഫോറസ്റ്റ് ഐ.ബിയേക്ക് മാറ്റി. സംഘർഷം ഉടലെടുത്തതോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഐ.ജി ശ്രീജിത്തിനെ ഫോണിൽ വിളിച്ച് ശ്രമത്തിൽ നിന്ന് പിന്തിരിയാൻ നിർദ്ദേശിക്കുകയായിരുന്നു.
ഇതോടെയാണ് സംഘർഷത്തിന് നേരിയ അയവ് ഉണ്ടായത്. കൈക്കുഞ്ഞുങ്ങളുമായിട്ടാണ് ഭക്തർ പ്രതിഷേധ വലയം തീർത്തത്. നിങ്ങളുടെ വിശ്വാസത്തെ തകർക്കാനോ നിങ്ങളെ ആക്രമിച്ച് യുവതിയുടെ പ്രവേശനം സാദ്ധ്യമാക്കാനോ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് ഐ.ജി വ്യക്തമാക്കി. നിയമം നടപ്പാക്കാനുള്ള ബാദ്ധ്യത പൊലീസിന്റേതാണ്. അതുകൊണ്ട് സംരക്ഷണം നൽകിയേ കഴിയൂ. ഭക്തയെന്ന നിലയിൽ തൊഴാനുള്ള അവകാശം അവർക്കുണ്ട്. തടയാനുള്ള സ്വാതന്ത്ര്യം നിങ്ങളുടേതാണ്. യുവതികളുമായി വിഷയം സംസാരിച്ച് സംഘർഷാവസ്ഥ ബോദ്ധ്യപ്പെടുത്തുംവരെ നിങ്ങൾ പ്രാർത്ഥനയോടുകൂടി മാത്രമേ നിലകൊള്ളാവൂ എന്ന അഭ്യർത്ഥന ഐ.ജി മുന്നോട്ട് വച്ചതോടെ ഭക്തർ ശരണം വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു. യാത്രാ മദ്ധ്യേ തന്നെ ദേവസ്വം മന്ത്രി പ്രകോപനം സൃഷ്ടിക്കരുതെന്ന് ഐ.ജിക്ക് നിർദ്ദേശം നൽകിയിരുന്നു.
സന്നിധാനത്ത് എന്തെങ്കിലും അശുദ്ധിയുണ്ടായാൽ ക്ഷേത്രം അടച്ചിടാൻ തന്ത്രിക്ക് പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി നാരായണ വർമ്മ നിർദേശം നൽകിയിരുന്നതായും സൂചനയുണ്ട്. അതിനിടെ ശബരിമല വിധിയിൽ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. പുനഃപരിശോധനാ ഹർജിയെ സർക്കാർ എതിർത്തിട്ടില്ല. സമാധാനാന്തരീക്ഷം കൊണ്ടുവരാനാണ് ബോർഡ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റിവ്യൂ ഹർജി സംബന്ധിച്ച് ഇന്ന് ദേവസ്വം ആസ്ഥാനത്ത് പ്രസിഡന്റ് എ.പദ്മകുമാറിന്റെ നേതൃത്വത്തിൽ യോഗം ചേരാനിരിക്കെയാണ് യുവതികൾ മല ചവിട്ടിയത്. ശബരിമലയിൽ പ്രശ്നപരിഹാരത്തിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ പുനഃപരിശോധനാ ഹർജി നൽകുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടും. സർക്കാർ നിലപാട് അനുസരിച്ചാകും ബോർഡിന്റെ തീരുമാനം.
ഇന്നലെ ന്യൂയോർക്ക് ടൈംസിന്റെ ലേഖിക സുഹാസിനി രാജ് മല കയറിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പാതിവഴിയിൽ മടങ്ങിയിരുന്നു.