പത്തനംതിട്ട: പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമലയിൽ പ്രവേശിക്കാതെ മടങ്ങിയ ആലപ്പുഴ അർത്തുങ്കൽ സ്വദേശിനി ലിബിക്കെതിരെ പൊലീസ് കേസെടുത്തു.ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ ചൊവ്വാഴ്ച മല കയറാൻ എത്തിയ ലിബിയെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു.
ഇതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുമെന്നും തനിക്ക് തന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും ലിബി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും അവർ വ്യക്തമാക്കി. അതേസമയം, ലിബിയെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.