amma-

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ രാജി 'അമ്മ' ചോദിച്ച് വാങ്ങിയതാണെന്ന് താരസംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ പറഞ്ഞു. താൻ തന്നെ ദിലീപിനെ വിളിക്കുകയായിരുന്നെന്നും അദ്ദേഹം തനിക്ക് രാജിക്കത്ത് എഴുതി തരികയായിരുന്നെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇപ്പോൾ എല്ലാ വിഷയത്തിലും അമ്മയുടെ പ്രസിഡന്റ് എന്നതിൽ നിന്നും ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ കുറ്റക്കാരനായി കാണുന്നത് മോഹൻലാൽ എന്ന വ്യക്തിയെ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ തനിക്ക് അതിയായി ദുഃഖകരമാണെന്നും മോഹൻലാൽ പറഞ്ഞു.

നേരത്തെ ഡബ്ല്യു.സി.സി അംഗങ്ങളെ നടിമാർ എന്ന് വിളിച്ച് അഭിസംബോധന ചെയ്തുവെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ഡബ്ല്യു.സി.സി അംഗങ്ങളെ മോഹൻലാൽ നടിമാർ എന്ന് വീണ്ടും അഭിസംബോധന ചെയ്തു. നടിമാരെ നടിമാർ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടതെന്നും അങ്ങനെ വിളിച്ചത് ആക്ഷേപിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ പ്രസിഡന്റ് എന്ന നിലയിൽ തൃപ്‌തനല്ലെന്നും തന്നെ ആവശ്യം ഉള്ളത് കൊണ്ടാണ് ആ സ്ഥാനത്ത് തുടരുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി.

''ആ നടിമാർ, അവരുടെ പേര് പറയുന്നില്ല, നടിമാർ എന്ന് തന്നെ പറയുന്നു. അവർ പത്രസമ്മേളനം വിളിക്കുന്നതിന് മുമ്പ് തന്നെ ദിലീപ് രാജി നൽകിയിരുന്നു. രാജി വച്ച് പുറത്ത് പോയവരെ എന്തിനാണ് തിരികെ വിളിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയാണെങ്കിലും രാജി വച്ചവർക്ക് പ്രത്യേക പരിഗണനയൊന്നും ഇല്ല. രാജി വച്ചവരെ തിരിച്ചെടുക്കണമെങ്കിൽ അപേക്ഷ തരണം. എന്നാൽ അവർ മാപ്പ് പറയേണ്ടതില്ല"- മോഹൻലാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ഡബ്ല്യു.സി.സിക്കെതിരെ കടുത്ത ആരോപണമാണ് ബാബുരാജ് ഉന്നയിച്ചത്. അമ്മയിലിരുന്ന് ചോരയൂറ്റി കൂടിച്ച് വളരാൻ ആണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നതെന്നും അമ്മ എന്ന സംഘടനയെ എ.എം.എം.എ എന്ന് നാലാക്കി പിരിച്ചത് ഇവരാണെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. അമ്മയെ തകർക്കാൻ ഡബ്ല്യു.സി.സിയ്ക്ക് ഗൂഢാലോചനയുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.