dakini


സംസ്ഥാന അവാർഡ് നേടിയ ഒറ്റമുറി വെളിച്ചം എന്ന സിനിമയിൽ സംവിധായകൻ രാഹുൽ റിജി നായർ ചർച്ച ചെയ്തത് അതിഗൗരവമേറിയതും തീവ്രവുമായ വിഷയമായിരുന്നു. എന്നാൽ തന്റെ രണ്ടാമത്തെ സംവിധാനം സംരംഭത്തിൽ രാഹുൽ തിരഞ്ഞെടുത്തിരിക്കുന്നത് വാണിജ്യ സിനിമയാണ്. ആദ്യന്തം കോമഡിയുടെ ട്രാക്കിലൂടെയാണ് ഈ സിനിമയുടെ സ‍ഞ്ചാരം,​ ഒപ്പം ത്രില്ലറും കൂടിയാണീ സിനിമ. ഡാകിനിമാർ നാല്
ബാലരമ അമർചിത്രകഥയിൽ വായിച്ചറിഞ്ഞ ഡാകിനിയെ നമുക്കൊക്കെ അറിയാം. കുട്ടികൾക്ക് അതിലേറെ പരിചയം കാണും. കുന്തത്തിൽ കയറിപ്പോകുന്ന ലുട്ടാപ്പി നൽകിയ ഡാകിനി എന്ന പേര് കടമെടുത്താണ് സംവിധായകൻ ഈ സിനിമ ഒരുക്കികിയിരിക്കുന്നത്. സേതുലക്ഷ്മി,​ പൗളി വിത്സൻ,​ സാവിത്രി ശ്രീധരൻ,​ സരസ ബാലുശേരി എന്നിവരാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

dakini1

ഡാകിനിയുടെ കഥ

ഈ നാല് മുത്തശിമാരിൽ ഒരാളുടെ കാമുകനായിരുന്ന കുട്ടൻ പിള്ള (അലൻസിയർ)​ നിനച്ചിരിക്കാതെ തന്റെ പ്രിയതമയെ തേടിയെത്തുന്നു. എന്നാൽ,​ ഹവാല റാക്കറ്റിന്റെ കണ്ണിയായിരിക്കെ തരികിട കാണിച്ച് പണവുമായി മുങ്ങിയ അയാൾ ഒരു ലോഡ് പ്രശ്നങ്ങളുമായാണ് മോളിയെ കാണാനെത്തുന്നത്. ഹവാല മാഫിയാ സംഘത്തിന്റെ പിടിയിലായ കുട്ടൻ പിള്ളയെ രക്ഷിക്കാൻ ഈ ഡാകിനി അമ്മൂമ്മമാർക്ക് കഴിയുമോയെന്നതിനാണ് സിനിമയുടെ ഉത്തരം തേടുന്നത്.

വിന്റേജ് കാലം
ഊട്ടിയിലും തിരുവനന്തപുരത്തുമായി ചിത്രീകരിച്ച സിനിമയ്ക്ക് രാഹുൽ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തികച്ചും വിന്റേജ് കാലത്തെ അല്ലെങ്കിൽ ക്ളാസിക്കൽ കാലത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് സിനിമയിലെ കഥാപാത്രങ്ങളെ രാഹുൽ പരുവപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ മായൻ എന്ന ഹവാല ബിസിനസുകാരനായി എത്തുന്ന ചെമ്പൻ വിനോദിന്റെ വേഷഭൂഷാദികൾ പോലും ഈ ക്ളാസിക്കൽ ടച്ച് വിളിച്ചു പറയുന്നു. കൂടാതെ അയാളുടെ വിന്റേജ് കാറും വീട്ടിലെ കസേരകളും മറ്റുമടക്കം പഴയകാലത്തിന്റെകാലത്തിന്റെ സൂചകങ്ങളാണ്.

dakini3

പഴയകാലത്തിന്റെ പ്രൗഡികളെ വരച്ചു കാട്ടുമ്പോഴും ആധുനിക കാലത്തെ സ്‌മാർട്ട് ഫോണും വാട്സ് ആപ്പുമൊക്കെ എന്താണെന്ന് അറിയാനുള്ള പഴയ തലമുറയുടെ ആകാംക്ഷയേയും സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. കൊമേഴ്സ്യൽ ആണെങ്കിൽ പോലും ഹാസ്യത്തിന്റെ സാദ്ധ്യതകളെ മുതലെടുത്തുകൊണ്ട് ത്രില്ലറായ ഒരു സിനിമയൊരുക്കാനുള്ള സംവിധായകന്റെ ശ്രമം വൃഥാവിലായില്ലെന്നത് മേന്മയാണ്.

ഡാകിനിമാർ മുത്താണ്

സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിലിടം നേടിയ ഉമ്മമാരായ സരസ ബാലുശേരി,​ ശ്രീലത ശ്രീധരൻ എന്നിവർക്കൊപ്പം പൗളി വിത്സൻ, സേതുലക്ഷ്‌മി എന്നിവർ കൂടി ചേരുന്പോൾ മുത്തശിമാരുടെ അർമാദിപ്പാണ് കാണാനാകുന്നത്. ഈ പ്രായത്തിലും ജീവിതത്തെ അത്രയേറെ ആഘോഷമായി കാണുന്ന കഥാപാത്രങ്ങളായി നാലു പേരും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. ക്ളൈമാക്‌സ് രംഗത്തിൽ ഊട്ടിയിൽ ചിത്രീകരിച്ച മുത്തശിമാരുടെ കാറോട്ടവും വില്ലന്മാരുടെ ചേസിംഗും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ റോഡിലൂടെ പായിക്കും.dakini2

ചെമ്പൻ വിനോദിന്റെ അച്ഛനായ അധോലോക നായകൻ രാജു ഭായിയുടെ വേഷത്തിലെത്തുന്ന ഇന്ദ്രൻസ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പ്രകടമാണ് നടത്തുന്നത്. ഡാകിനി മുത്തശിമാർക്ക് കൂട്ടായെത്തുന്ന അജു വർഗീസിന്റെ കുട്ടാപ്പി എന്ന കഥാപാത്രവും മികച്ചു നിൽക്കുന്നു. സ്വഭാവ വേഷങ്ങളിൽ അലൻസിയർ ഇപ്പോഴും പ്രേക്ഷകരെ അന്പരിപ്പിക്കും. സൈജു കുറുപ്പ്,​ പുതുമുഖം രഞ്ജിത്ത് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം ഉർവശി തിയേറ്റേഴ്സും യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ്, സന്ദീപ് സേനൻ, അനിഷ് എം. തോമസ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

വാൽക്കഷണം: ജഗജില്ലികളാണ് ഈ ഡാകിനി അമ്മൂമ്മമാർ