shamna

അപകടകരമായ ഇന്റർനെറ്റ് ഗെയിം ബ്ളൂവെയിലിനെ ആസ്പദമാക്കി ഒരു സിനിമയെത്തുന്നു. ബ്ളൂ വെയിൽ എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രം തമിഴിലാണ് ഒരുങ്ങുന്നത്. നായികയായി എത്തുന്നത് ഷംന കാസിമാണ്. രംഗൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പേരു സൂചിപ്പിക്കുന്നതു പോലെ ആ മൊബൈൽ ഗെയിമിന്റെ അപകടത്തെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ജനങ്ങളിൽ ധാരണയുണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഒരു കുട്ടിയും ഷംനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുക. അസിസ്റ്റൻഡ് കമ്മിഷണർ മായ എന്നാണ് ഷംന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഷംനയുടെ മൂന്നാമത്തെ പൊലീസ് വേഷമാണിത്. മമ്മൂട്ടിയുടെ കുട്ടനാടൻ ബ്‌ളോഗിലാണ് ഷംന ആദ്യമായി പൊലീസ് വേഷം അവതരിപ്പിച്ചത്. അതിലെ മികച്ച പ്രകടനം താരത്തിന് ഏറെ നിരൂപക പ്രശംസ നേടിക്കൊടുത്തിരുന്നു. അതിനു ശേഷം വിമൽ സംവിധാനം ചെയ്ത തമിഴ് ചിത്രം 'എങ്കയോ മച്ചമിരുക്ക്ടാ' യിൽ ഷംന പൊലീസായി. റൗഡി സ്വഭാവമുള്ള പൊലീസായാണ് താരം എത്തിയത്. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും. ബ്ളൂവെയിലിന്റെ സെക്കൻഡ് ഷെഡ്യൂൾ അടുത്തയാഴ്ച ചെന്നൈയിൽ ആരംഭിക്കുമെന്ന് ഷംന ഫ്ളാഷിനോട് പറഞ്ഞു. മമ്മൂട്ടി വൈശാഖ് ടീമിന്റെ മധുരരാജയാണ് ഷംനയുടെ അടുത്ത മലയാളം പ്രോജക്ട്. അതിൽ ഒരു അദ്ധ്യാപികയായാണ് താരം എത്തുന്നത്.