deepa-rahul-eeswar

തിരുവനന്തപുരം: രാഹുൽ ഈശ്വറിന്റെ അറസ്റ്റിൽ പ്രതികരണവുമായി ഭാര്യ ദീപ രാഹുൽ ഈശ്വർ. രാഹുലിന്റെ അറസ്റ്റ് അനാവശ്യമാണെന്നും അറസ്റ്റ് ശരിയായ രീതിയിൽ അല്ലെന്നും ദീപ പറഞ്ഞു. വളരെ വികാരാധീനയായാണ് കൊട്ടാരക്കര സബ് ജയിലിന് മുന്നിൽ നിന്നും ഫേസ്ബുക്ക് ലെെവിൽ ദീപ സംസാരിച്ചത്.

''ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ മാധവി എന്ന സത്രീയെ മലകയറാൻ സമ്മതിച്ചില്ല, കൃത്യനിർവഹണത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു എന്നിവയാണ് രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങൾ. എന്നാൽ ആ സമയത്ത് രാഹുൽ സന്നിധാനത്ത് ആയിരുന്നു. പമ്പയിലോ, മരക്കൂട്ടത്തിന് സമീപത്തോ രാഹുൽ ഉണ്ടായിരുന്നില്ല.

ശരിയായ രീതിയിൽ അല്ല രാഹുലിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്. ട്രാക്ടറിൽ ടാർപോളിൻ വച്ച് പൊതിഞ്ഞു കൊണ്ടാണ് രാഹുലിനെ അവിടുന്ന് കൊണ്ട് വന്നത്. ആദ്യം ഞാനിത് വിശ്വസിച്ചില്ല. എന്നാൽ ഇന്ന് ജയിലിൽ വന്ന് രാഹുലിൽ നിന്നും നേരിട്ട് കേട്ടപ്പോഴാണ് ഇക്കാര്യം വിശ്വസിച്ചത്. ഇന്നലെ മുതൽ രാഹുൽ ശബരിമലയ്ക്ക് വേണ്ടി നിരാഹാരസമരം ചെയ്യുകയാണ്. ജയിലിൽ അല്ലായിരുന്നെങ്കിലും രാഹുൽ ഇക്കാര്യം ചെയ്യുമായിരുന്നു"- ദീപ കരഞ്ഞ് കൊണ്ട് പറഞ്ഞു.