kodiyeri-balakrishnan

തിരുവനന്തപുരം: വിശ്വാസികൾ പുണ്യഭൂമിയായി കരുതുന്ന ശബരിമലയെ സംഘർഷ ഭൂമിയാക്കരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള യുദ്ധമാക്കി ഇതിനെ മാറ്റരുത്. ബി.ജെ.പിയും കോൺഗ്രസും രാഷ്ട്രീയ സമരമാക്കി ഇതിനെ മാറ്റിയിരിക്കുകയാണ്. സമരത്തിനിറങ്ങുന്നവർ എന്തുകൊണ്ട് സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസും ബി.ജെ.പിയും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ മനസിലാക്കണം. ശബരിമല വിഷയത്തിലെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ സംസ്ഥാന വ്യാപകമായി ഗൃഹസമ്പർക്കവും കാൽനട ജാഥകളും അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കും.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് നടക്കുമ്പോൾ ഒന്നും മിണ്ടാത്ത കോൺഗ്രസും ബി.ജെ.പിയും കേന്ദ്ര സർക്കാരും ഇപ്പോൾ സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ്. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം ശനീശ്വര ക്ഷേത്രത്തിലും ഹാജി അലി ദർഗയിലും സ്ത്രീ പ്രവേശനം അനുവദിച്ചവരാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ. ശബരിമല സ്ത്രീ പ്രവേശനത്തിൽ ആർ.എസ്.എസ്, കോൺഗ്രസ് ദേശീയ നേതൃത്വം ആദ്യ ഘട്ടത്തിൽ സ്വാഗതം ചെയ്‌തവരാണ്. ഇപ്പോൾ സംസ്ഥാനത്ത് വർഗീയത ഉണർത്തി കലാപം സൃഷ്‌ടിക്കാനാണ് ഇവരുടെ ശ്രമം. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നത്. പൊലീസിൽ പോലും വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണ്. ശബരിമലയിലെ അക്രമങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വിശ്വാസികളാണെങ്കിൽ ആക്‌ടിവിസ്‌റ്റുകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലേക്ക് കുഴപ്പമുണ്ടാക്കാൻ വന്നാൽ ആക്‌ടിവിസ്‌റ്റുകളായാലും ആരായാലും പൊലീസ് ശക്തമായ നടപടിയെടുക്കണം. ശബരിമലയിൽ ഇതുവരെ പൊലീസിന് വീഴ്‌ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് തള്ളുന്നതായിരുന്നു കോടിയേരിയുടെ പരാമർശം.

മുഖ്യമന്ത്രി പോയത് കേരളത്തിന്റെ താത്പര്യത്തിന്

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക് പോയത് പ്രളയക്കെടുതിൽ പെട്ട സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ലഭിക്കേണ്ട വായ്‌പ അടക്കമുള്ള സഹായങ്ങൾ കേന്ദ്രസർക്കാർ തടഞ്ഞു. പ്രവാസി മലയാളികളിൽ നിന്ന് സഹായം ലഭ്യമാക്കാനാണ് അദ്ദേഹം വിദേശത്തേക്ക് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.