പമ്പ: ശബരിമലയിലെ സംഘർഷാന്തരീക്ഷത്തിന് അയവ് വന്നതിന് പിന്നാലെ ശബരിമലയിലേക്ക് രണ്ട് യുവതികൾ കൂടി. തെലുങ്ക് മാദ്ധ്യമപ്രവർത്തക കവിതയും കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയേയും ശബരിമലയിൽ നിന്ന് തിരിച്ചിറക്കിയതിന് പിന്നാലെയാണ് രണ്ട് പേർ കൂടി ശബരിമലയിലേക്ക് പോവാൻ തയ്യാറായി വന്നത്. ഇവരെ ഇലവുങ്കലിൽ പൊലീസ് തടഞ്ഞിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും ഇവരെ കയറ്റി വിടണോ എന്ന് തീരുമാനിക്കുക.
വിദ്യാരംഭ ദിവസത്തിൽ അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി എത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെ രാവിലെ പൊലീസ് തിരിച്ചയച്ചിരുന്നു. സന്നിധാനത്തേക്ക് പോകുന്നത് ഇപ്പോൾ സുരക്ഷിതമല്ലെന്നും മതിയായ സുരക്ഷയൊരുക്കാൻ തങ്ങൾക്ക് പരിമിതികളുണ്ടെന്നും പൊലീസ് അറിയിച്ചു. ആദ്യഘട്ടത്തിൽ പിന്തിരിയാൻ ഇവർ തയ്യാറായില്ലെങ്കിലും ശരണം വിളികളുമായി ഭക്തർ തടിച്ചുകൂടിയതോടെ ഇവർ പിന്തിരിഞ്ഞു.