തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിധിയിൽ ദേവസ്വം ബോർഡ് സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കുമെന്ന് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. വിധിയ്‌ക്ക് പിന്നാലെ ശബരിമലയിലും സംസ്ഥാനത്തുമുണ്ടായ കാര്യങ്ങൾ വിശദീകരിച്ച് റിപ്പോർട്ട് നൽകും. സുപ്രീം കോടതിയിലെ കേസ് നടപടികൾക്ക് അഡ്വ.മനു അഭിഷേക് സിംഗ്‌വിയെ ചുമതലപ്പെടുത്തും. നിലവിൽ 25 റിവ്യൂ ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിലെല്ലാം ദേവസ്വം ബോർഡും കക്ഷിയാണ്. എന്നാൽ ഏത് രീതിയിലാണ് കോടതിയെ സമീപിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് സിംഗ്‌വിയുമായി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി വിധിക്ക് ശേഷം പന്തളം രാജകുടുംബം, തന്ത്രിമാർ, വിവിധ സംഘടനകൾ എന്നിവരുമായി ദേവസ്വം ബോർഡ് ചർച്ച നടത്തിയിരുന്നു. ദേവസ്വം ബോർഡ‌് യോഗം കൂടി പരിഹാരം കാണാമെന്ന നിർദ്ദേശം തള്ളി ഇക്കൂട്ടർ സമരത്തിന് ഇറങ്ങുകയായിരുന്നു. മാസപൂജയ്‌ക്ക് നടതുറന്നപ്പോൾ യുവതികൾ പ്രവേശിക്കാനും വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ശ്രമമുണ്ടായി. ഇക്കാര്യം കോടതിയെ അറിയിക്കും. ശബരിമലയിലെ പൂങ്കാവനത്തെ യുദ്ധകളമാക്കാൻ അനുവദിക്കില്ല. സന്നിധാനത്തേക്ക് എത്തുന്ന ഭക്തർക്ക് വേണ്ട സുരക്ഷയൊരുക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് ശബരിമലയിൽ നടക്കുന്ന സമരങ്ങൾ ബുദ്ധിമുട്ടാകുന്നുണ്ട്. അതിനാൽ അയൽ സംസ്ഥാനങ്ങളിലെ നേതാക്കന്മാരെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പദ്മകുമാർ ആവശ്യപ്പെട്ടു.
അതേസമയം, വൈകിയെങ്കിലും ദേവസ്വം ബോർഡ് ഇപ്പോഴെടുത്ത തീരുമാനം സ്വാഗതാർഹമാണെന്ന് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ പ്രതികരിച്ചു. കോടതിയെ സമീപിക്കുന്നത് കണക്കിലെടുത്ത് തന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം തത്‌കാലം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.