ഐഫോൺ കുടുംബത്തിലെ ഏറ്റവും വിലകുറഞ്ഞ ഫോൺ എന്ന പരസ്യവാചകത്തിലെത്തുന്ന ഐഫോൺ ടെൺ ആർ ഒക്ടോബർ 26നു ഇന്ത്യൻ വിപണിയിലെത്തും. മറ്റു ഐഫോണുകൾക്ക് വിരുദ്ധമായി ആദ്യ പാദ വിൽപനയിൽ തന്നെ ഫോൺ ഇന്ത്യയിലെത്തും. നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഐഫോൺ ടെൺ ആറിന്റെ 10 പ്രത്യേകതകൾ :
1) ഐഫോൺ ടെൺ എസിലും ഐഫോൺ ടെൺ എസ് മാക്‌സിലും ഉപയോഗിച്ച എ12 ബയോണിക് പ്രോസസറാണ് ഐഫോൺ ടെൺ ആറിലും ഉപയോഗിച്ചിരിക്കുന്നത്.
2) ഒരു ഐഫോണിലുള്ള ഏറ്റവും വലിയ എൽ.സി.ഡിയാണ് ഐഫോൺ ടെൺ ആറിലുള്ളതെന്ന് ആപ്പിൾ അവകാശപ്പെടുന്നു. ഒരു സ്‌മാർട്ട്ഫോണിലുള്ള ഏറ്റവും കട്ടിയുള്ള ഗ്ളാസാണിതിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ആപ്പിൾ പറയുന്നു.
3) മറ്റു ഐഫോണുകളിൽ നിന്നും ഐഫോൺ ടെൺ ആറിന്റെ ഏറ്റവും വലിയ മാറ്റം അതിന്റെ സ്ക്രീനാണ്. മുൻ ഐഫോണുകളിൽ ഉപയോഗിച്ച ഒ.എൽ.ഇ.ഡി ഡിസ്‌പ്ലേക്ക് പകരം എൽ.സി.ഡി ഡിസ്‌പ്ലേ ആണിതിൽ ഉപയോഗിച്ചിരിക്കുന്നത്.
4) 12 മെഗാപിക്‌സൽ എഫ്/1.8 അപ്പെർച്ചർ വൈഡ് ആങ്കിൾ ലെൻസ് കാമറയാണ് ഐഫോൺ ടെൺ ആറിന്റെ കാമറാക്കണ്ണ്.
5) ജ്യേഷ്ടന്മാരെ പോലെ 512 ജി.ബി മോഡലിൽ ഐഫോൺ ടെൺ ആർ വരില്ല. 64, 128, 256 ജിബി മോഡലുകളിലാകും ടെൺ ആറിന്റെ വരവ്.
6) 6 നിറങ്ങളിലാകും ഐഫോൺ ടെൺ ആർ വിപണിയിലെത്തുക - 2018ലെ ഏതൊരു ഫോണിനേക്കാളുമധികം.
7) ത്രീഡി ടച്ച് സംവിധാനം ഒഴിവാക്കിയാകും ടെൺ ആർ എത്തുക.
8) ഒരു മീറ്റർ ആഴമുള്ള ജലത്തിൽ 30 മിനിറ്റ് വരെ ഐഫോൺ ടെൺ ആറിന് വാട്ടർ റെസിസ്‌റ്റൻസ് ഉണ്ടാകും.
9) ഏഴ് മെഗാപിക്സലിന്റെ സെൽഫി കാമറയാണ് ഐഫോൺ ടെൺ ആറിലുള്ളത്. റെറ്റിന ഫ്ളാഷ്, വൈഡ് കളർ ക്യാപ്ചർ, സ്മാർട്ട് എച്ച്.ഡി.ആർ, പോട്രെയിറ്റ് മോഡ് തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ഇതിലുണ്ട്. ഐഫോൺ ടെൺ എസിലും ഐഫോൺ ടെൺ എസ് മാക്സിലും സമാനമായ സെൽഫി കാമറയാണുള്ളത്.
10) 2018ൽ ഇറങ്ങിയ ഐഫോണുകളിൽ ഏറ്റവും കൂടുതൽ ബാറ്ററി ബാക്കപ്പുള്ള ഫോണാണ് ഐഫോൺ ടെൺ ആർ. 15 മണിക്കൂർ ഇന്റർനെറ്റ് ഉപയോഗിക്കാനോ 16 മണിക്കൂർ വീഡിയോ കാണുവാനോ ഒരു ഫുൾ ചാർജിലൂടെ സാധിക്കും.
76,900 രൂപയ്ക്കാണ് ഐഫോൺ ടെൺ ആർ ഇന്ത്യൻ വിപണിയിലെത്തുക.